പത്തനംതിട്ട: പ്രിവന്റീവ് ഓഫീസർ ഉൾപ്പെടെയുള്ള എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. മലയാലപ്പുഴ ചീങ്കൽതടം ആവനിലയത്തിൽ ആകാശ് മോഹൻ (32), ചീങ്കൽതടം അയത്തിൽ പുത്തൻവീട്ടിൽ അരുൺ അജിത് (32) എന്നിവരെയാണ് ചിറ്റാർ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതികൾ ഇപ്പോഴും ഒളിവിലാണ്.
ഒക്ടോബർ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. സീതത്തോട് ഗുരുനാഥൻമണ്ണിൽ അബ്കാരി റെയ്ഡിനെത്തിയപ്പോൾ, പോസ്റ്റ് ഓഫീസിനു മുൻവശത്തു പ്രിവന്റീവ് ഓഫീസർ പ്രസാദിനും ഒപ്പമുണ്ടായിരുന്ന രണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്കുമെതിരേയാണ് ആക്രമണമുണ്ടായത്. സംഭവദിവസം ഉച്ചകഴിഞ്ഞ് വാഹനങ്ങളിലായെത്തിയ പ്രതികൾ, എക്സൈസ് ഉദ്യോഗസ്ഥരെ അസഭ്യം വിളിച്ച് ആക്രമിക്കുകയും പ്രിവന്റീവ് ഓഫീസറുടെ കൈയിൽ നിന്നു മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും, ദേഹോപദ്രവം ഏൽപിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.
Read Also : യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു : നാലുപേർ പിടിയിൽ
കേസിൽ ഏഴും എട്ടും പ്രതികളാണ് ആകാശും അരുണും. അന്വേഷണത്തിനിടെ പ്രതികൾ ഒളിവിൽ പോയി. മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച ഇരുവരും കോടതി നിർദേശപ്രകാരം സ്റ്റേഷനിൽ ഹാജരായതിനെത്തുടർന്ന് ഇന്നലെ രാവിലെ അറസ്റ്റ് രേഖപ്പെടുത്തി.
മറ്റു പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്. പൊലീസ് ഇൻസ്പെക്ടർ രാജേന്ദ്രൻ പിള്ളയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എസ്ഐ സണ്ണി ജോർജ്, എസ്സിപിഒ അജി കർമ എന്നിവരും സംഘത്തിലുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments