തൃശ്ശൂര്‍: ഓരോ ഗ്രാമത്തിലും കളിക്കളങ്ങൾ ഒരുക്കുമെന്ന് പട്ടികജാതി പട്ടികവർഗ പിന്നോക്ക വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. കുട്ടികളിലെ ലഹരി ഉപയോഗം ഉൾപ്പെടെ തടയാൻ കളിക്കളങ്ങൾ സജീവമാകണമെന്നും മന്ത്രി പറഞ്ഞു. പാറമ്മേൽപ്പടിയിൽ നിർമ്മിച്ച കൊണ്ടാഴി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കളിസ്ഥലങ്ങളിൽ കുട്ടികൾക്ക് ഒത്തുചേരാനും കളിക്കാനും കളിക്കളങ്ങൾ സജീവമാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകകപ്പ് ആവേശത്തിലാണ് എല്ലാവരുമെന്ന് പറഞ്ഞ മന്ത്രി കായിക സ്മരണകളും പങ്കു വെച്ചു. മുൻ എം.എൽ.എ യു.ആർ പ്രദീപിന്റെ 2018- 2019 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്ന് 44 ലക്ഷം രൂപ ചെലവിലാണ് സ്റ്റേഡിയം നിർമ്മിച്ചത്.
പഴയന്നൂർ ബ്ലോക്ക് കേരളോത്സവം ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷറഫ് നിർവഹിച്ചു. തദ്ദേശ സ്വയംഭരണ അസിസ്റ്റന്റ് എക്സിക്യുട്ടിവ് എൻജിനീയർ ഉമ ടി.എൻ പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ശശിധരൻ മാസ്റ്റർ അധ്യക്ഷനായ ചടങ്ങിൽ മുൻ എം.എൽ.എ യു.ആർ പ്രദീപ്, ജില്ലാ പഞ്ചായത്ത് അംഗം ദീപ എസ് നായർ, ബ്ലോക്ക് പഞ്ചായത്ത് ഉപാധ്യക്ഷ പി പ്രശാന്തി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം അനീഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത നാരായണൻകുട്ടി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ അഡ്വ.രമേഷ് പൂങ്കാവനം എന്നിവർ പങ്കെടുത്തു.
Post Your Comments