Latest NewsKerala

ദേവസ്വവും പട്ടികജാതി വികസനവും ഏറ്റെടുത്ത് മുഖ്യമന്ത്രി: സർക്കാർ വിജ്ഞാപനം പുറത്തിറങ്ങി

തിരുവനന്തപുരം: കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. പട്ടികജാതി വികസനം, ദേവസ്വം തുടങ്ങിയ പ്രധാന വകുപ്പുകൾ ഇനി മുഖ്യമന്ത്രിയായിരിക്കും കൈകാര്യം ചെയ്യുക. ഇത് സംബന്ധിച്ച സർക്കാർ വിജ്ഞാപനം പുറത്തിറങ്ങി. കെ രാധാകൃഷ്ണൻന്റെ രാജി ഗവർണർ അംഗീകരിച്ചു. ലോക്സഭാ എംപിയായി ആലത്തൂരിൽ നിന്ന് രാധാകൃഷ്ണൻ തെര‍ഞ്ഞെടുക്കപ്പെട്ടതോടെയാണ് മന്ത്രിസ്ഥാനവും എംഎൽഎ സ്ഥാനവും രാജിവെച്ചത്. ഈ വകുപ്പുകൾ സ്ഥിരമായി മുഖ്യമന്ത്രി കൈകാര്യം ചെയ്യുമോ എന്ന കാര്യത്തിൽ ഇനിയും സ്ഥിരീകരണം ആയിട്ടില്ല.

സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പ് പട്ടിക വിഭാഗക്കാർ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളുടെ പേരുകൾ മാറ്റാനുള്ള ഉത്തരവിൽ രാധാകൃഷ്ണൻ ഒപ്പിട്ടു. കോളനി, സങ്കേതം, ഊര് എന്നീ പേരുകൾ ഒഴിവാക്കും. സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ഉത്തരവ് പുറത്തിറക്കിയത്. കോളനി എന്ന പേര് അവമതിപ്പ് ഉണ്ടാക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പേരുമാറ്റം സംബന്ധിച്ച നിർദേശം. കോളനി, സങ്കേതം, ഊര് എന്നീ പേരുകൾക്ക് പകരം കാലാനുസൃതമായി മറ്റ് പേരുകൾ നൽകണമെന്ന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ സർക്കാറിനോട് ശുപാർശ ചെയ്തിരുന്നു.

നഗർ, ഉന്നതി, പ്രകൃതി എന്നീ പേരുകൾ പകരമായി ഉപയോഗിക്കാനാണ് സർക്കാർ ഉത്തരവിലെ നിർദേശം. പ്രാദേശിക താല്പര്യം നോക്കിയും മറ്റ് പേരുകൾ ഇടാമെന്നും ഉത്തരവിൽ പറയുന്നു. ഇത്തരം പ്രദേശങ്ങൾക്ക് വ്യക്തികളുടെ പേരുകൾ നൽകുന്നത് പല സ്ഥലത്തും തർക്കങ്ങൾക്ക് കാരണമാവുന്നതിനാൽ, വ്യക്തികളുടെ പേരുകൾ പരമാവധി ഒഴിവാക്കണം. എന്നാൽ നിലവിൽ വ്യക്തികളുടെ പേരുകൾ നൽകിയിട്ടുള്ള സ്ഥലങ്ങളിൽ ആ പേരുകൾ തുടരാമെന്നും ഉത്തരവിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button