ന്യൂഡല്‍ഹി: മുംബൈ വിമാനത്താവളത്തിലെത്തിയ യാത്രക്കാരില്‍ നിന്ന് 32 കോടി വിലമതിക്കുന്ന 61 കിലോ ഗ്രാം സ്വര്‍ണം പിടികൂടിയതിന് കസ്റ്റംസിനെ അഭിനന്ദിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ‘നിങ്ങള്‍ സ്വീകരിച്ച ജാഗ്രതയെ അഭിനന്ദിക്കുന്നു. സമയോചിതമായ ഇടപെടലിന് മികച്ച ഫലം ലഭിച്ചു. നന്നായി പ്രവര്‍ത്തിച്ചു, അഭിനന്ദനങ്ങള്‍’, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ട്വിറ്ററില്‍ കുറിച്ചു. മുംബൈ കസ്റ്റംസ് പിടികൂടിയ സ്വര്‍ണത്തിന്റെ വിശദാംശങ്ങളും ഒപ്പമുണ്ടായിരുന്നു.
ഞായറാഴ്ച വിമാനത്താവളത്തിലെത്തിയ യാത്രക്കാരില്‍ നടത്തിയ പരിശോധനയില്‍ 61 കിലോഗ്രാം സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. സംഭവത്തില്‍ രണ്ട് സ്ത്രീകളടക്കം ഏഴ് പേര്‍ അറസ്റ്റിലായി. ടാന്‍സാനിയയില്‍ നിന്നെത്തിയ നാല് പേരില്‍ നിന്നാണ് ആദ്യം സ്വര്‍ണം കണ്ടെടുത്തത്.
ഒരു കിലോ തൂക്കമുള്ള 53 സ്വര്‍ണ ബിസ്‌ക്കറ്റുകളായിരുന്നു ഇവരുടെ പക്കലുണ്ടായിരുന്നത്. ഈ സ്വര്‍ണത്തിന് വിപണിയില്‍ 28.17 കോടി രൂപ വിലമതിക്കും. പ്രത്യേകം രൂപകല്‍പന ചെയ്ത ബെല്‍റ്റില്‍ ഒളിപ്പിച്ചായിരുന്നു ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ദോഹ എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന സുഡാനിയന്‍ പൗരനാണ് സ്വര്‍ണം കൈമാറിയതെന്ന് ഇവര്‍ വെളിപ്പെടുത്തി. നാല് പേരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് എട്ട് കിലോ ഗ്രാം സ്വര്‍ണവുമായി മൂന്ന് യാത്രക്കാര്‍ കൂടി കസ്റ്റംസിന്റെ പിടിയിലായത്. ഇതോടെ ഞായറാഴ്ച മാത്രം 32 കോടി രൂപയുടെ സ്വര്‍ണം പിടികൂടാന്‍ കസ്റ്റംസിന് കഴിഞ്ഞു.
Post Your Comments