തിരുവനന്തപുരം: കാറില്‍ ചാരിനിന്നതിന് പിഞ്ചുബാലനെ ക്രൂരമായി തൊഴിച്ച് തെറിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി സ്പീക്കര്‍ എ.എന്‍ ഷംസീര്‍. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും കേസെടുക്കാനോ ആരോപണ വിധേയനായ ആളെ ചോദ്യംചെയ്യാനോ പൊലീസ് തയ്യാറാകാത്തതിനെക്കുറിച്ച് മാദ്ധ്യമപ്രവര്‍ത്തര്‍ ചോദിച്ചപ്പോഴാണ് ‘ചവിട്ടിയത് ഞാനല്ല, നിങ്ങളുടെ ചോദ്യം കേട്ടാല്‍ ഞാന്‍ ചെയ്തതുപോലെയാണല്ലോ തോന്നുക’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തലശേരിയില്‍ തിരക്കേറിയ റോഡില്‍ വച്ചാണ് കാറില്‍ ചാരിനിന്ന ആറ് വയസുകാരനു നേരെ യുവാവിന്റെ അതിക്രമമുണ്ടായത് . പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ഷെഹ്ഷാദാണ് (20) കുട്ടിയെ ദേഹോപദ്രവം ഏല്‍പ്പിച്ചത്. കുട്ടിയുടെ നടുവിന് നേരെ ഇയാള്‍ ചവിട്ടുകയായിരുന്നു. റോഡില്‍ തെറ്റായ ദിശയില്‍ വണ്ടി നിര്‍ത്തിയിട്ട ശേഷമാണ് ഇയാള്‍ അക്രമം നടത്തിയത്. ഒരു വിവാഹ ആവശ്യത്തിനായി കുടുംബത്തോടൊപ്പം എത്തിയ ഷെഹ്ഷാദ് വണ്ടി നിര്‍ത്തിയ സമയം രാജസ്ഥാന്‍ സ്വദേശികളുടെ മകനായ ഗണേഷ് എന്ന ആറുവയസുകാരന്‍ കാറില്‍ ചാരിനിന്നു. ഇത് ഇഷ്ടപ്പെടാതെയാണ് കുട്ടിയെ ചവിട്ടിയത്.
കാറിനുള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങളെ കുട്ടി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് ഇയാള്‍ പറയുന്നത്. ഉടന്‍ കണ്ടുനിന്നവരില്‍ ചിലരെത്തി ഷെഹ്ഷാദിനെ ചോദ്യംചെയ്തു. എന്നാല്‍ ഇവരോട് തര്‍ക്കിച്ച ശേഷം സ്ഥലംവിട്ട ഇയാള്‍ക്കെതിരെ അപ്പോള്‍ പൊലീസ് നടപടിയെടുത്തില്ല എന്ന് പരാതിയുണ്ട്. മണിക്കൂറുകള്‍ക്ക് ശേഷം ഇയാളെ വിളിച്ച് വരുത്തി കാര്യം തിരക്കുകയും കാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് രാഷ്ട്രീയ സ്വാധീനം ഉള്ളതിനാലാണ് നടപടി സ്വീകരിക്കാന്‍ വൈകിയതെന്നാണ് ആരോപണം.
ചവിട്ടേറ്റ ബാലന് നടുവിന് ഗുരുതര പരിക്കുണ്ട്. കുട്ടിയെ ദൃക്സാക്ഷികളില്‍ ചിലര്‍ ആശുപത്രിയിലെത്തിച്ചു. അതേസമയം സംഭവം ശ്രദ്ധയില്‍പെട്ടതായും പ്രശ്നത്തില്‍ ഇടപെടുമെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ പ്രതികരിച്ചു.
സംഭവത്തെക്കുറിച്ച് മന്ത്രിമാരായ വി ശിവന്‍കുട്ടിയും വീണാ ജോര്‍ജും പ്രതികരിച്ചിട്ടുണ്ട്. യുവാവിന്റെ പ്രവൃത്തി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പറഞ്ഞ മന്ത്രി വീണാ ജോര്‍ജ് കുഞ്ഞിനും കുടുംബത്തിനും നിയമസഹായം ഉള്‍പ്പെടെയുള്ള പിന്തുണ വനിത ശിശുവികസന വകുപ്പ് നല്‍കുമെന്നും ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും പറഞ്ഞു.
മനുഷ്യത്വം എന്നത് കടയില്‍ വാങ്ങാന്‍ കിട്ടുന്ന ഒന്നല്ല. കണ്ണൂരിലെ സംഭവം ഞെട്ടല്‍ ഉണ്ടാക്കി. കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരനെ ചവിട്ടിത്തെറിപ്പിക്കുന്നത് എന്തൊരു ക്രൂരതയാണ്. നിയമപരമായ എല്ലാ നടപടിയും ഉണ്ടാകും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടരുത് എന്നായിരുന്നു വി ശിവന്‍കുട്ടി പ്രതികരിച്ചത്.
Post Your Comments