വള്ളികുന്നം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയ യുവതി അറസ്റ്റിൽ. ചവറ ശങ്കരമംഗലം കുമ്പളത്ത് വീട്ടിൽ ശ്രീക്കുട്ടി(19)യെ ആണ് പൊലീസ് അറസ്റ്റുചെയ്തത്. ഭരണിക്കാവ് ഇലിപ്പക്കുളം മങ്ങാരത്ത് വാടകയ്ക്കു താമസിക്കുന്ന പതിനാറുകാരനെ പീഡിപ്പിച്ച സംഭവത്തിലാണ് പത്തൊൻപതുകാരിയായ യുവതിയെ വള്ളികുന്നം പൊലീസ് പിടികൂടിയത്.
വീട്ടിൽ നിന്നും വിളിച്ചിറക്കിക്കൊണ്ടുപോയ കൗമാരക്കാരനെ വിവിധ സ്ഥലങ്ങളിലെത്തിച്ച് ലൈംഗികപീഡനത്തിന് ഇരയാക്കി എന്നാണ് പരാതി. ഈ മാസം ഒന്നിനാണ് ഭരണിക്കാവ് ഇലിപ്പക്കുളത്ത് മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന പതിനാറുകാരനെ യുവതി വീട്ടിൽനിന്നു വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചത്. മൈസൂരു, പാലക്കാട്, പഴനി, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ പതിനാറുകാരനൊപ്പം താമസിച്ചിരുന്നതായി ഇവർ മൊഴി നൽകിയെന്ന് വള്ളികുന്നം പോലീസ് ഇൻസ്‌പെക്ടർ ടി. ബിനുകുമാർ പറഞ്ഞു.
യുവതി മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ വീട്ടുകാർ യുവതിയെ പതിനാറുകാരന്റെ വീട്ടിൽ കൊണ്ടുവന്നു താമസിപ്പിക്കുകയായിരുന്നു. ഇതിനിടയിലാണ് യുവതി കൗമാരക്കാനൊപ്പം സ്ഥലംവിട്ടത്. കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വ്യാഴാഴ്ച രാവിലെ പത്തനംതിട്ട ബസ്‌സ്റ്റാൻഡിൽനിന്നാണ് ഇരുവരെയും പിടികൂടിയത്. യുവതിയെ റിമാൻഡു ചെയ്തു.
Post Your Comments