ചെങ്ങന്നൂർ: ഒരു ദിവസം നേരം വെളുത്തപ്പോൾ മാനസാന്തരം വന്ന് മോഷണം നിർത്തിയ കള്ളനെ പോലീസ് പിടിച്ചാൽ എങ്ങനെയിരിക്കും? അത്തരമൊരു സംഭവമാണ് ചെങ്ങന്നൂരിൽ നടന്നത്. ഇരുന്നൂറിലധികം കേസുകളിൽ പ്രതിയായ യുവാവ് ചെങ്ങന്നൂർ ഡിവൈഎസ്പി ഓഫീസിൽ എത്തി താൻ മോഷണം നിർത്തുകയാണെന്നും ഇനി ഇമ്മാതിരി കേസുകെട്ടിനൊന്നും ഇല്ലെന്നും അറിയിച്ചിരുന്നു. എന്നാൽ, പോലീസുകാർക്ക് ശല്യമായിരുന്ന പ്രതിയെ കയ്യിൽ കിട്ടിയതും അവർ പിടിച്ചകത്തിട്ടു.
ബൈക്ക് മോഷണം അടക്കം ഇരുന്നൂറിലധികം കേസുകളാണ് ഇയാൾക്കെതിരെ ഉള്ളത്. 31കാരനായ റാന്നി പഴവങ്ങാടി ഇട്ടിയപ്പാറ കള്ളിക്കാട് വീട്ടിൽ തോമസ് കുര്യാക്കോസ് ആണ് ഡിവൈഎസ്പി ഓഫീസിൽ വന്ന് താൻ മോഷണം നിർത്തുകയാണെന്ന് അറിയിച്ചത്. പല കേസിലും മുൻപ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു മാല മോഷണക്കേസിൽ റിമാൻഡിലായിരുന്നു ബിനു എന്ന തോമസ് കുര്യാക്കോസ്. ബിനു കഴിഞ്ഞദിവസമാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. അതിനു ശേഷം ബിനു രണ്ട് ബൈക്കും മോഷ്ടിച്ചിരുന്നു.
വർഷങ്ങളായി മോഷണം നടത്തിയാണ് ഇയാൾ ജീവിക്കുന്നത്. പ്രായപൂർത്തിയാകുന്നതിനു മുമ്പ് തന്നെ മോഷണം തുടങ്ങിയിരുന്നു. പലതവണ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയാകുന്നതിനു മുമ്പും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. വർഷങ്ങളായുള്ള മോഷണം മടുത്ത ബിനു തോമസ് അവസാനത്തെ രണ്ടു മോഷണത്തിന് ശേഷം തൊഴിലിൽനിന്ന് വിരമിക്കുന്ന കാര്യം ഡിവൈഎസ്പി ഓഫീസിൽ ചെന്ന് പറയാൻ തീരുമാനിക്കുകയായിരുന്നു. പിന്നാലെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments