തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോൺ രാജിന്റെ മരണത്തിനു പിന്നിൽ വനിതാ സുഹൃത്ത് ഗ്രീഷ്മയാണെന്നു തെളിഞ്ഞതോടെ, അന്ധവിശ്വാസവും കൊലയ്ക്കു കാരണമായെന്ന നിഗമനത്തിൽ പോലീസ്. ജാതകദോഷം മൂലം ആദ്യം വിവാഹം കഴിക്കുന്നയാൾ മരിക്കുമെന്ന് ഗ്രീഷ്മയും കുടുംബവും വിശ്വസിച്ചിരുന്നു. ഗ്രീഷ്മ കുറ്റസമ്മതം നടത്തിയെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ, ഷാരോൺ രാജിന്റെ അമ്മയും പെൺകുട്ടിയുടെ അന്ധവിശ്വാസത്തെക്കുറിച്ച് വ്യക്തമാക്കി രംഗത്ത് വന്നിരുന്നു.
ജാതകദോഷം കാരണം ആദ്യ ഭർത്താവ് നവംബറിനു മുൻപ് മരിക്കുമെന്നായിരുന്നു ഗ്രീഷ്മയുടെ വിശ്വാസം. അതിനാൽ ഷാരോണിനെ കൊലപ്പെടുത്തി മറ്റൊരു വിവാഹം കഴിക്കാനായിരുന്നു പെൺകുട്ടിയുടെ നീക്കമെന്ന് ഷാരോണിന്റെ ബന്ധുവും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
ഗൂഗിളിൽ ഫോൺ നമ്പർ തിരയുന്നവർ അറിയാൻ, ഒളിഞ്ഞിരിക്കുന്നത് വൻ തട്ടിപ്പുകൾ
ഷാരോൺ വാഷ് റൂമിൽ പോയപ്പോൾ വിഷം കലർത്തുകയായിരുന്നെന്ന് ഗ്രീഷ്മ പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി. ഛർദിച്ചപ്പോൾ വിഷം കലർത്തിയ കാര്യം ഷാരോണിനോട് പറഞ്ഞുവെന്നും എന്നാല്‍, നീ പുറത്തു പറയേണ്ടെന്ന് ഷാരോൺ പറഞ്ഞെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. കൊലപാതകം ആസൂത്രണം ചെയ്യാൻ പെൺകുട്ടി ഇന്റർനെറ്റിൽ സെർച്ച് ചെയ്തതിന്റെ വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഷാരോണിനെ ഒഴിവാക്കി മറ്റൊരാളെ വിവാഹം കഴിക്കാൻ വേണ്ടിയാണ് ഗ്രീഷ്മ ഇങ്ങനെ ചെയ്തതെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ മാസം 14ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻചിറയിലുള്ള യുവതിയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. അവിടെ നിന്ന് യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണം എന്ന് ഷാരോണിന്‍റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇത് ന്യായീകരിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. തുടക്കത്തില്‍ പാറശ്ശാല പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ അന്വേഷണമുണ്ടായില്ല. ഇതോടെ സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ക്രൈംബ്രാഞ്ചിന് കേസ് കൈമാറുകയുമായിരുന്നു.
Post Your Comments