ജയ്പൂർ: രാജസ്ഥാനിൽ പെൺകുട്ടികളെ കരാർ എഴുതി വിൽക്കുന്നതായി റിപ്പോർട്ട്. എട്ടിനും 18നും ഇടയിൽ പ്രായമുള്ള കുട്ടികളെ കാരാറുണ്ടാക്കി ലേലം ചെയ്യുന്നുവെന്നാണ് വിവരം. പ്രദേശത്ത് സാമ്പത്തിക തർക്കങ്ങൾ ഉടലെടുത്താൽ ഇതിന് പരിഹാരമായാണ് പെൺകുട്ടികളെ വിൽപന നടത്തിയിരുന്നത്. സംസ്ഥാനത്തെ ആറോളം ജില്ലകളിൽ ഇത്തരം വിൽപനകൾ വ്യാപകമായി നടക്കുന്നുണ്ടെന്നും എതിർത്താൽ അവരുടെ അമ്മമാർ ബലാത്സംഗത്തിന് വിധേയമാകുമെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സംഭവം വിവാദമായതോടെ. ദേശീയ മനുഷ്യാവകാശ കമ്മീഷൻ രാജസ്ഥാൻ ഭരിക്കുന്ന കോൺഗ്രസ് സർക്കാരിനോട് റിപ്പോർട്ട് തേടി. റിപ്പോർട്ടുകളിൽ യാഥാർത്ഥ്യമുണ്ടെങ്കിൽ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. നാലാഴ്ചയ്‌ക്കകം രാജസ്ഥാൻ സർക്കാർ മറുപടി നൽകണമെന്നാണ് ചീഫ് സെക്രട്ടറിക്ക് കമ്മീഷൻ നൽകിയിരിക്കുന്ന നിർദേശം. മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടാണ് സംഭവത്തിൽ കമ്മീഷൻ ഇടപെട്ടത്.
ഭരണഘടന അനുശാസിക്കുന്ന പഞ്ചായത്ത് രാജ് നിയമം അനുസരിച്ച് സംസ്ഥാന സർക്കാർ എപ്രകാരമാണ് ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതെന്ന് റിപ്പോർട്ടിൽ വിശദീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ രാജസ്ഥാൻ ഡജിപിയോടും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. രാജസ്ഥാനിൽ ഇത്തരം കുറ്റകൃത്യങ്ങൾ നടക്കുന്ന പ്രദേശങ്ങൾ സന്ദർശിച്ച് മൂന്ന് മാസത്തിനകം സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക ഉദ്യോഗസ്ഥനെയും കമ്മീഷൻ നിയോഗിച്ചു.
Post Your Comments