സിഡ്നി: ടി20 ലോകകപ്പ് സൂപ്പര്‍ 12ലെ രണ്ടാം പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ നെതര്‍ലന്‍ഡ്സിന് 180 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും വിരാട് കോഹ്ലിയുടെയും സൂര്യകുമാര്‍ യാദവിന്റെയും അര്‍ധ സെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു.
രോഹിത് 39 പന്തില്‍ 53 റണ്‍സെടുത്തപ്പോള്‍ വിരാട് കോഹ്ലി 44 പന്തില്‍ പുറത്താകാതെ 62 റണ്‍സും സൂര്യകുമാര്‍ യാദവ് 25 പന്തില്‍ പുറത്താകാതെ 51 റണ്‍സും നേടി. പതിഞ്ഞ തുടക്കമിടുന്നതിന്റെ പേരില്‍ ഏറെ പഴി കേട്ട രോഹിത്തും രാഹുലും ദുര്‍ബലരായ നെതര്‍ലന്‍ഡിനെതിരെയും പതുക്കെയാണ് തുടങ്ങിയത്. പോൾ വാൻ മീകെരെൻ എറിഞ്ഞ മൂന്നാം ഓവറില്‍ ഇന്ത്യക്ക് കെ എല്‍ രഹുലിന്റെ വിക്കറ്റ് നഷ്ടമായി.
മീകെരെന്റെ പന്തില്‍ വമ്പനടിക്ക് ശ്രമിച്ച രാഹുല്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 12 പന്ത് നേരിട്ട രാഹുല്‍ നേടിയത് 9 റണ്‍സ്. റിവ്യൂവിന് പോലും അവസരമില്ലാതെയാണ് രാഹുല്‍ പുറത്തായത്. തുടർന്ന്, ക്രീസിലെത്തിയ കോഹ്ലിയും രോഹിത്തും ഒമ്പതാം ഓവറിൽ ഇന്ത്യൻ സ്കോർ 50 കടത്തി. 35 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ച രോഹിത് 53 റണ്‍സുമായി പതിനൊന്നാം ഓവറില്‍ മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ 84 റണ്‍സെ ഉണ്ടായിരുന്നുള്ളു.
Read Also:- വീട്ടിൽ പാകിസ്ഥാൻ ദേശീയ പതാക ഉയർത്തിയ 52 കാരന് അറസ്റ്റില്‍
നാലാം നമ്പറില്‍ ക്രീസിലെത്തിയ സൂര്യകുമാര്‍ തുടക്കം മുതല്‍ തകര്‍ത്തടിച്ചതോടെ ഇന്ത്യ പതിനാലാം ഓവറില്‍ 100 കടന്നു. 15 ഓവര്‍ പിന്നിടുമ്പോള്‍ 114 റണ്‍സിലെത്തിയിരുന്ന ഇന്ത്യ അവസാന അഞ്ചോവറില്‍ 65 റണ്‍സാണ് അടിച്ചെടുത്തത്. കോലി 37 പന്തില്‍ തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ചുറി തികച്ച് പുറത്താകാതെ നിന്നപ്പോള്‍ സൂര്യ ഇന്നിംഗ്സിലെ അവസാന പന്തില്‍ സിക്സ് അടിച്ച് ലോകകപ്പിലെ ആദ്യ അര്‍ധ സെഞ്ചുറി നേടി.
Post Your Comments