എട്ട് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് സഞ്‍ജു സാംസൺ അടുത്തിടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ കന്നി സെഞ്ച്വറി നേടിയത്. മലയാളികൾ എല്ലാം അത് ആഘോഷമാക്കി. കരിയർ തന്നെ ഒരു ചോദ്യചിഹ്നമായി നിൽക്കുന്ന സാഹചര്യത്തിലായിരുന്നു സഞ്‍ജുവിന്റെ ആ സെഞ്ച്വറി. മറ്റ് ഇന്ത്യൻ താരങ്ങൾക്ക് ബിസിസിഐ കൊടുക്കുന്ന പിന്തുണ പലപ്പോഴും സഞ്ജുവിന് കൊടുത്തിട്ടില്ല എന്നത് സത്യമാണ്. ആ സമയങ്ങളിലൊക്കെ രോഹിത് ശർമ്മ തനിക്ക് മികച്ച പിന്തുണയാണ് നൽകിയിരുന്നതെന്ന് സഞ്ജു തുറന്നു പറയുന്നു.
‘ഒരിക്കൽ ന്യൂസിലാൻഡിൽ ടീം ഇന്ത്യ പര്യടനം നടത്തവെ എന്തു ചെയ്യണമെന്നറിയാതെ ഞാൻ മുറിയിൽ തനിച്ച് ഇരിക്കവെ അദ്ദേഹത്തിന്റെ ഫോൺ കോൾ. ‘വാ, സഞ്ജു നമുക്കു ഡിന്നർ കഴിക്കാൻ പോവാ’മെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. രോഹിത് ഭായി അന്നു എന്നെ അദ്ദേഹത്തിനൊപ്പം ഡിന്നറിനു കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. ‘സഞ്ജൂ… നീ ഇനിയും സിക്‌സറുകളടിക്കണം, നന്നായി കളിക്കണം’ എന്നു തുടങ്ങി പല ഉപദേശങ്ങളും അദ്ദേഹം എനിക്ക് നൽകി’, സഞ്ജു പറയുന്നു.
‘അഞ്ചാം വയസ്സിൽ രജനീകാന്ത് സാറിന്റെ വീട്ടിൽ പോയി അദ്ദേഹത്തെ കാണണമെന്നായിരുന്നു എന്റെ സ്വപ്നം. അഞ്ചാം വയസ്സിൽ അങ്ങനെ ആഗ്രഹിച്ചിരുന്നുവെന്ന് അമ്മയും അച്ഛനും പറയുന്നുണ്ട്. പടയപ്പ, ബാഷയൊക്കെ ഇറങ്ങിയ സമയത്തൊക്കെ ഞാൻ വീട്ടിൽ ടീഷർട്ടൊക്കെ ഇട്ട് രജനി സാറിന്റെ സ്റ്റൈലിലൊക്കെ വീശി, ഡയലോഗ് ഒക്കെ പറഞ്ഞിരുന്നു. ഡൽഹിയിൽ നിന്ന് തിരുവനന്തപുരം വരുന്നത് ചെന്നൈ വഴി ആയിരുന്നതിനാൽ, അവിടുന്ന് ബൈ റോഡ് ആണ് തിരുവനന്തപുരം പോയിരുന്നത്. വണ്ടിയിൽ പോകുമ്പോൾ ഞാൻ അമ്മയോട് ചോദിച്ചു ഇത് ഏതാണ് സ്ഥലമെന്ന്? അമ്മ മറുപടി പറഞ്ഞു ചെന്നൈ ആണെന്ന്. ഉടനെ ഞാൻ പറഞ്ഞു എനിക്ക് രജനീകാന്ത് സാറിന്റെ വീട്ടിൽ പോണം, അദ്ദേഹത്തെ കാണണമെന്നുമൊക്കെ.
നീ ഇപ്പോൾ പോയാൽ നിന്നെ കയറ്റത്തൊന്നുമില്ല, നീ വലുതാകുമ്പോൾ ഒരു ദിവസം ഒറ്റയ്ക്ക് പൊക്കോയെന്ന് അച്ഛൻ പറഞ്ഞു. ‘ഞാൻ പോകും, ഒരു ദിവസം ഞാൻ ഉറപ്പായും പോകും’ എന്ന് ഞാൻ അവരോട് പറഞ്ഞു. പിന്നീട് ഇന്ത്യൻ ടീമിലെത്തിയപ്പോൾ ചെന്നൈയിൽ എപ്പോഴെങ്കിലും കളി നടക്കുമ്പോൾ രജിനി സാറിനെ കാണാൻ പോകാമെന്ന് കരുതിയിരുന്നു. സിനിമാ മേഖലയിലുള്ള കൂട്ടുകാർ മുഖേന കൂടിക്കാഴ്ചയ്ക്ക് പലതവണ ശ്രമിച്ചിരുന്നു. എന്നാൽ പലപ്പോഴും അത് നടന്നില്ല. ഒടുവിൽ നിരാശ തോന്നി രജിനികാന്ത് സാറിനെ കാണേണ്ടെന്ന് വരെ വച്ചിരുന്നു. ഇത്രയും പാട് പെട്ടിട്ട് നടക്കുന്നില്ലല്ലോ, ഇനി ഞാനീ കളിക്കില്ലെന്ന് ഉറപ്പിച്ചതാണ്. പെട്ടെന്ന് ഒരു ദിവസം രജിനി സർ ഫോണിൽ വിളിച്ചെന്ന് പറഞ്ഞ് മാനേജർ ഇക്ലാസ് നഹ അടുത്തെത്തി. ഞാൻ പറഞ്ഞു, പോടാ കളിപ്പിക്കല്ലേയെന്ന്. ഫോണിൽ രജിനികാന്ത് സാർ, ‘സഞ്ജു ഞാൻ നിങ്ങളുടെ മാച്ച് കാണാറുണ്ട്. ഫൈനൽ വരെ രാജസ്ഥാൻ റോയൽസ് ടീം വന്തിട്ടീങ്ക, സൂപ്പറാ പണ്ണിട്ടീങ്ക, റൊമ്പ ഇഷ്ടം. ധനുഷിന്റെ മക്കളെല്ലാം രാജസ്ഥാന്റെ ഫാൻസ് ആണ്. ഫ്രീ ആകുമ്പോൾ വീട്ടിൽ വരൂ, താങ്ക്യൂ’ എന്നൊക്കെ പറഞ്ഞ് ഫോൺ വച്ചു. എനിക്കാണെങ്കിൽ പ്രത്യേകിച്ച് ഒന്നും പറയാൻ പറ്റിയില്ല. ‘ഓകെ സാർ’ എന്ന് മാത്രമാണ് പറയാൻ കഴിഞ്ഞത്’, അദ്ദേഹം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
അതേസമയം, ഈ അടുത്തിടെയാണ് സഞ്ജു രജനീകാന്തിന്റെ വീട്ടിലെത്തി താര രാജാവിനേയും കുടുംബത്തേയും കണ്ടത്. ഈ ഫോട്ടോ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.
Post Your Comments