കൊച്ചി: ‘കൈയും വെട്ടും കാലും വെട്ടും, വേണ്ടി വന്നാൽ തലയും വെട്ടും. ആരാ പറയുന്നതെന്ന് അറിയാമോ?’ സോഷ്യൽ മീഡിയകളിൽ വൈറലാകുന്ന ഒരു ‘പ്രതിഷേധ’ വീഡിയോയിലെ മുദ്രാവാക്യങ്ങളാണിത്. മുദ്രാവാക്യങ്ങൾ വിളിച്ച് പറയുന്നത് ഒരു പെൺകുട്ടിയാണ്. അതേറ്റു ചൊല്ലുന്നത് ആൺ-പെൺ വ്യത്യാസമില്ലാത്ത വിദ്യാർത്ഥികളും. വീഡിയോയിലുള്ളത് കുട്ടി സഖാക്കൾ തന്നെ. കലാലയങ്ങളിൽ നടക്കുന്നത് ഇതൊക്കെയാണെന്ന ഒരു ഓർമപ്പെടുത്തൽ കൂടിയാണ് ഈ വീഡിയോ. വീഡിയോക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം രംഗത്തെത്തി.
സഖാവ് ഭഗവൽ സിങ്ങും സഖാവ് ലൈലയും ഷാഫിയുമൊന്നുമല്ല ഈ മുദ്രാവാക്യങ്ങൾ വിളിച്ച് പറയുന്നത്. പതിവുപോലെ സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം ടീമിലെ ജൂനിയർ സഖാക്കൾ തന്നെയാണെന്ന് ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചു. വീഡിയോയ്‌ക്കെതിരെ കടുത്ത വിമർശനമാണുയരുന്നത്. യാതൊരു ഉളുപ്പില്ലാതെ, മടിയുമില്ലാതെ പട്ടാപ്പകൽ ആളുകൾക്ക് മുന്നിലിരുന്ന് ‘കൊല്ലു’മെന്ന് വിളിച്ച് പറയുമ്പോൾ അതേറ്റു ചൊല്ലുന്ന ഒരു കൂട്ടം കുട്ടിസഖാക്കൾ ഭാവി കേരളത്തെ എങ്ങോട്ടാണ് നയിക്കുകയെന്ന ചോദ്യം സോഷ്യൽ മീഡിയ ചോദിക്കുന്നു.
അതേസമയം, ബൽറാം പ്രചരിപ്പിച്ച വീഡിയോ പഴയതാണ്. പത്തനംതിട്ട കതോലിക്കേറ്റ് കോളജിലെ എസ്.എഫ്.ഐയുടെ പ്രതിഷേധ പ്രകടനത്തിന്റെ വീഡിയോ ആണിത്. സംഭവം വിവാദമായപ്പോൾ അതിനെ ന്യായീകരിച്ച് കൊണ്ടായിരുന്നു സംഘടന രംഗത്ത് വന്നത്. സാദാ മുദ്രാവാക്യമെന്നായിരുന്നു വിശദീകരണം. ഈ വീഡിയോ ബൽറാം വീണ്ടും പ്രചരിപ്പിച്ചതിനെതിരെ കമന്റ് ബോക്സിൽ വിമർശനം ഉയരുന്നുണ്ട്.
Post Your Comments