മെല്‍ബണ്‍: ടി20 ലോകകപ്പിൽ ഇന്ത്യ നാളെ പാകിസ്ഥാനെ നേരിടും. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം. അഫ്രീദി പരിക്കിൽ നിന്ന് മുക്തനായെത്തിയ ആശ്വാസത്തിലാണ് പാകിസ്ഥാൻ. സന്നാഹ മത്സരത്തിൽ അഫ്രീദി മികച്ച പ്രകടനം നടത്തിയിരുന്നു. പാകിസ്ഥാനെതിരെ റിഷഭ് പന്തിന് പകരം ദിനേശ് കാർത്തിക് ടീമിലെത്തുമെന്നാണ് സൂചന.
പന്ത് പരിശീലനത്തിൽ നിന്ന് വിട്ടുനിന്നപ്പോൾ ദിനേശ് കാർത്തിക്ക് ബാറ്റിംഗ് കീപ്പിംഗ് പരിശീലനത്തിൽ സജീവമായി. കഴിഞ്ഞ വർഷത്തെ ടി20 ലോകകപ്പിൽ ഇന്ത്യയെ തോൽവിയിലേക്ക് തള്ളിവിട്ടത് ഷഹീൻ ഷാ അഫ്രീദിയുടെ അതിവേഗ പന്തുകളായിരുന്നു. രോഹിത് ശര്‍മ്മയും കെഎല്‍ രാഹുലും തുടക്കത്തിലെ വീണപ്പോൾ ഇന്ത്യയുടെ താളംതെറ്റി.
ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഇന്ത്യക്കെതിരെ പാകിസ്ഥാൻ ജയവും സ്വന്തമാക്കി. നാളെ മെൽബണിൽ ഇറങ്ങുമ്പോഴും അഫ്രീദി തന്നെയാണ് ഇന്ത്യയുടെ പ്രധാന വെല്ലുവിളി. ഇത് മറികടക്കാൻ പ്രത്യേക പരിശീലനമാണ് ഇന്ത്യൻ ബാറ്റ്സ്മാൻമാർ നടത്തുന്നത്. നെറ്റ്സിൽ അഫ്രീദിയുടെ പേസും സ്വിംഗും ബൗൺസും ലെംഗ്‌തും അനുസരിച്ചുള്ള പന്തുകളെറിഞ്ഞാണ് പരിശീലനം. രോഹിത്താണ് കൂടുതൽ സമയം പരിശീലനം നടത്തിയത്.
Read Also:- ചർമ്മം ആരോഗ്യത്തോടെ നിലനിർത്താം, ഈ പോഷകങ്ങളെക്കുറിച്ച് അറിയൂ
ഹാരിസ് റൗഫ്, നസീം ഷാ എന്നിവരുടെ പന്തുകൾക്കനുസരിച്ചും രോഹിത് ബാറ്റിംഗ് പരിശീലനം നടത്തി. ത്രോഡൗൺ ബൗളർമാർക്കൊപ്പം മുഹമ്മദ് സിറാജും ഷാർദുൽ താക്കൂറും നെറ്റ്സിൽ പന്തെറിഞ്ഞു. വിരാട് കോഹ്ലി, ഹർദ്ദിക് പാണ്ഡ്യ, യുസ്‍വേന്ദ്ര ചാഹൽ, ഭുവനേശ്വർ കുമാർ എന്നിവരും പരിശീലന നടത്തി. അതേസമയം, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, കെഎൽ രാഹുൽ എന്നിവരിലാണ് ഇന്ത്യയുടെ ബാറ്റിംഗ് പ്രതീക്ഷ.
Post Your Comments