മുംബൈ: വയോധികരായ പുരുഷന്മാർക്ക് ആലിംഗനം നൽകി വിലപിടിപ്പുള്ള സാധനങ്ങൾ തട്ടിയെടുത്ത സ്ത്രീ അറസ്റ്റിൽ. ആലിംഗനം നൽകാനെന്ന വ്യാജേന മുതിർന്ന പൗരന്റെ ഒരു ലക്ഷം രൂപ വിലമതിക്കുന്ന സ്വർണച്ചെയിൻ തട്ടിയെടുത്ത കേസിലാണ് യുവതിയെ ചൊവ്വാഴ്ച മലാഡ് പോലീസ് അറസ്റ്റ് ചെയ്തത്. സമാനമായ രീതിയിൽ യുവതി നിരവധി പുരുഷന്മാരെ കൊള്ളയടിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
72 വയസ്സുള്ള മലാഡ് സ്വദേശിയില്‍ നിന്ന് ഒരു ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാലയാണ് ഗീത പട്ടേൽ എന്ന് പേരുള്ള യുവതി തട്ടിയെടുത്തത്. ഷോപ്പിങ്ങിനുശേഷം വയോധികന്‍ ഓട്ടോയില്‍ വീട്ടിലേക്കു മടങ്ങുമ്പോഴാണ് സംഭവം. ഓട്ടോ കൈകാണിച്ച് നിര്‍ത്തിയ ഗീത ഇയാളോട് ലിഫ്റ്റ് ചോദിച്ചു. കയറിക്കോളാൻ വയോധികൻ പറഞ്ഞു. ഒരു കെട്ടിടത്തിനുമുന്നില്‍ ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെട്ട യുവതി നന്ദിസൂചകമായി വയോധികനെ ആലിംഗനം ചെയ്യാനെത്തി. ഇതിനിടെ കഴുത്തിൽ കിടന്നിരുന്ന സ്വർണമാല കവർന്നു.
യുവതി സ്ഥലം വിട്ടു. വീട്ടിൽ എത്തിയശേഷമാണ് മാല മോഷണം പോയതായി വയോധികൻ തിരിച്ചറിയുന്നത്. തുടര്‍ന്ന്, മലാഡ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. സീനിയര്‍ ഇന്‍സ്‌പെക്ടര്‍ രവി അധാനെയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ഗീതയെ ഭയന്ദറില്‍ നിന്നും പിടികൂടി. കോടതിയില്‍ ഹാജരാക്കിയ ഇവരെ പിന്നീട് പോലീസ് കസ്റ്റഡിയില്‍ വിട്ടു..
Post Your Comments