കൊച്ചി: വിനോദയാത്രകളുടെ സീസൺ ആയതിനാൽ ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്‌നസ് സംബന്ധിച്ച് കർശന പരിശോധനകൾ നടത്തണമെന്ന് വി.ഡി സതീശൻ. തന്റെ ഫേസ്ബുക്ക് പേജില്‍ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സിയിൽ ഇടിച്ച് ഒമ്പതുപേർ മരിക്കാനിടയായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന കൂടുതൽ ശക്തമാക്കണം. വലിയ അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പരിശോധനകൾ ശക്തമാക്കുന്ന രീതിയിൽനിന്ന് മാറി നിയമം കർശനമായി നടപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ് തയ്യാറാവണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം
അങ്ങേയറ്റം വേദനാജനകമായ വാർത്തയാണ് പുലർച്ചെ കേട്ടത്. സ്‌കൂൾ വിദ്യാർഥികളുമായി വിനോദയാത്ര പോയ ടൂറിസ്റ്റ് ബസ് വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസിൽ ഇടിച്ച് അഞ്ച് കുട്ടികൾ ഉൾപ്പെടെ ഒമ്പതുപേർ മരിച്ച സംഭവം അതീവ ദുഃഖകരമാണ്. ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ. ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണ് അപകടത്തിന് ഇടയാക്കിയത്. 97.2 കിലോമീറ്റർ ആയിരുന്നു അപകട സമയത്ത് വേഗത. വേഗപ്പൂട്ട് നിർബന്ധമാക്കിയുള്ള നിയമം നിലനിൽക്കെ ‘ഈ ബസിന് എങ്ങനെയാണ് അമിത വേഗമെടുക്കാൻ സാധിച്ചത്? മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന കൂടുതൽ ശക്തമാക്കണം. വലിയ അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പരിശോധനകൾ ശക്തമാക്കുന്ന രീതിയിൽ നിന്നും മാറി നിയമം കർശനമായി നടപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ് തയാറാകണം. അപകടം ഉണ്ടാക്കിയ ടൂറിസ്റ്റ് ബസിനെതിരെ നിയമ ലംഘനത്തിന് നേരത്തെയും കേസുകളുണ്ട്. നിരോധിച്ച ലൈറ്റുകളും വലിയ ശബ്ദ വിന്യാസവും എയർ ഹോണുകളുമൊക്കെയായി ടൂറിസ്റ്റ് ബസുകൾ നിരത്തുകളിൽ ചീറിപ്പായുകയാണ്. ഇനിയും ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ടത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിനോദയാത്രകൾ നടക്കുന്ന സീസൺ ആയതിനാൽ ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്‌നെസ് സംബന്ധിച്ച് കർശന പരിശോധനകൾ നടത്തണം. വിനോദയാത്രയുടെ വിശദാംശങ്ങൾ മോട്ടോർ വാഹന വകുപ്പിനെ അറിയിക്കാൻ സ്‌കൂളുകളും ശ്രദ്ധിക്കണം.മോട്ടോർ വാഹന വകുപ്പിന്റെ എല്ലാ പരിശോധകളും പൂർത്തിയായ വാഹനങ്ങളാണ് വിനോദയാത്രയ്ക്ക് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണം.
Post Your Comments