ഡിജിറ്റൽ യുഗത്തിൽ ഏറെ പ്രാധാന്യമുള്ള രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. ഇന്ന് വിവിധ ആവശ്യങ്ങൾക്ക് ആധാർ വിവരങ്ങൾ നിർബന്ധമാണ്. അതുകൊണ്ടുതന്നെ ആധാറുമായി ബന്ധപ്പെട്ട ദുരുപയോഗവും വർദ്ധിച്ചിട്ടുണ്ട്. ഇത്തരം തട്ടിപ്പിൽ പ്രധാനമായ ഒന്നാണ് മറ്റൊരാളുടെ ആധാർ ഉപയോഗിച്ച് സിം കാർഡുകൾ സ്വന്തമാക്കുന്നത്. ഇങ്ങനെയുള്ള ദുരുപയോഗം തടയുന്നതിനായി 2019 ൽ മൊബൈൽ നമ്പർ ആധാറും ബന്ധിപ്പിക്കാനുള്ള സംവിധാനം കേന്ദ്ര സർക്കാർ നടപ്പാക്കിയിരുന്നു.
തങ്ങളുടെ പേരിൽ എത്ര സിം കാർഡുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അറിയാൻ സാധിക്കുന്ന തരത്തിലുള്ള സംവിധാനവുമായി എത്തിയിരിക്കുകയാണ് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്. ഇതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത വെബ്സൈറ്റാണ് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ആ വെബ്സൈറ്റിൽ കയറി ആവശ്യമായ വിവരങ്ങൾ നൽകിയാൽ നിങ്ങളുടെ പേരിലുള്ള സിം കാർഡുകളുടെ എണ്ണം അറിയാൻ സാധിക്കും. ഇത് എങ്ങനെയെന്ന് പരിശോധിക്കാം.
Also Read: രുചികരമായ ഭക്ഷണം കഴിക്കാം, മെനുവിൽ അടിമുടി മാറ്റവുമായി എയർ ഇന്ത്യ
ആദ്യ പടിയായി tafcop.dgtelecom.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ചതിനു ശേഷം മൊബൈൽ നമ്പർ നൽകുക. ഒടിപി റിക്വസ്റ്റ് ക്ലിക്ക് ചെയ്താൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒടിപി ലഭിക്കുന്നതാണ്. ഒടിപി നമ്പർ കൃത്യമായി രേഖപ്പെടുത്തിയതിനു ശേഷം വാലിഡേറ്റിൽ ക്ലിക്ക് ചെയ്യുക. അടുത്തതായി തെളിഞ്ഞുവരുന്ന ഇന്റർഫേസിൽ പേരിന്റെയോ, ആധാർ നമ്പറിന്റെയോ അടിസ്ഥാനത്തിൽ അനുവദിച്ചിരിക്കുന്ന സിം നമ്പറുകൾ അറിയാൻ സാധിക്കും. ഇവയിൽ അജ്ഞാത നമ്പറുകൾ ശ്രദ്ധയിൽപ്പെട്ടാൽ അത് നീക്കം ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്.
Post Your Comments