കണ്ണൂർ: യൂണീഫോം പാന്റിന്റെ നീളം കുറവാണെന്നും ഇറുകിയ വസ്ത്രം ധരിച്ചുവെന്നും ആരോപിച്ച് വിദ്യാർത്ഥിയെ സഹപാഠികളുടെ മുന്നിൽ വെച്ച് പ്രിൻസിപ്പൽ അപമാനിച്ചതായി പരാതി. വടകരയിലെ ഒരു സ്വകാര്യ സ്കൂളിലെ പ്രിൻസിപ്പലിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. വിദ്യാർത്ഥി മുടി നീട്ടിയതും യൂണിഫോം പാന്റിന്റെ നീളം കുറഞ്ഞതുമാണ് പ്രിൻസിപ്പലിനെ ചൊടിപ്പിച്ചത്.
സഹപാഠികളുടെ മുന്നിൽ വെച്ചാണ് പ്രിൻസിപ്പൽ കുട്ടിയെ അപമാനിച്ചത്. ഇതോടെ നാണക്കേട് കാരണം കുട്ടി സ്‌കൂളിൽ പോകുന്നത് നിർത്തി. നാല് ദിവസമായി കുട്ടി സ്‌കൂളിൽ പോയിട്ട്. വിദ്യാർത്ഥിയുടെ പരാതിയിൽ ചൈൽഡ് ലൈൻ കേസെടുത്തു. ഏഷ്യാനെറ്റ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മകൻ ക്ലാസിൽ പോകാതിരുന്നിട്ടും സ്കൂൾ അധികൃതർ അന്വേഷിക്കുന്നില്ലെന്ന് രക്ഷിതാവും ആരോപിച്ചു.
‘നീയെന്താണ് മുടിയെല്ലാം നീട്ടി നീളം കുറഞ്ഞ പാന്റെല്ലാം ഇട്ട് നടക്കുന്നത്? നീയെന്താ പെണ്ണായി നടക്കാൻ നോക്കുകയാണോ? ഇങ്ങനെ നടന്നാൽ പെണ്ണാകുകയുമില്ല. നീയെന്താ ബ്ലൂ ഫിലിമിൽ അഭിനയിക്കാൻ പോകുകയാണോ?’, എന്നൊക്കെ പ്രിൻസിപ്പൽ ചോദിക്കുന്നു. പിതാവിന്റെ ജോലി അന്വേഷിച്ച പ്രിൻസിപ്പൽ, ഗൾഫിലാണെന്ന് അറിഞ്ഞതോടെ, ഹോൾലിക്സും പഴവും വെട്ടിവിഴുങ്ങിയിട്ട് വരുന്നതാണല്ലേ എന്ന് ചോദിച്ചുവെന്നും കുട്ടി ആരോപിക്കുന്നു. അലവലാതിയെന്ന് വിളിച്ചാണ് പ്രിൻസിപ്പൽ മറ്റുകുട്ടികളുടെ മുന്നിൽ വെച്ച് അധിക്ഷേപം തുടങ്ങിയതെന്നും വിദ്യാർത്ഥി വിശദീകരിച്ചു.
Post Your Comments