
ഇന്ത്യന്‍ യുവതിയുടെ തിരോധാനത്തില്‍ പൊലീസ് സംശയിച്ചിരുന്ന യുവാവ് രാജ്യംവിട്ടു. മിനസോഡയിലെ സെന്റ് ക്ലൗഡ് സ്റ്റേറ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയും സുദീക്ഷയുടെ സീനിയറുമായിരുന്ന ജോഷ്വ റിബെയാണ് ഡൊമിനിക്കന്‍ റിപ്പബ്ലിക് വിട്ടത്. ഇന്നലെയായിരുന്നു സംഭവം.
‘മകളെ മരിച്ചതായി പ്രഖ്യാപിക്കണം’; അധികൃതര്‍ക്ക് കത്തയച്ച് സുദീക്ഷയുടെ മാതാപിതാക്കള്‍
കോടതിയില്‍ അഞ്ച് മണിക്കൂര്‍ നീണ്ട വാദപ്രതിവാദത്തിനൊടുവില്‍ ജോഷ്വ കേസില്‍ സാക്ഷിയാണെന്നും തടഞ്ഞുവെയ്ക്കാന്‍ കഴിയില്ലെന്നും ജഡ്ജി എഡ്വിന്‍ റിജോ വിധിച്ചു. ഇതിന് പിന്നാലെയാണ് ജോഷ്വ രാജ്യം വിട്ടത്. യുഎസ് കോണ്‍സുലേറ്റില്‍ നിന്ന് പുതിയ പാസ്പോര്‍ട്ട് നേടിയാണ് ജോഷ്വ രാജ്യം വിട്ടതെന്ന് അദ്ദേഹത്തെ പ്രതിനിധീകരിക്കുന്ന നിയമ സ്ഥാപനമായ അബോഗഡോസ് കണ്‍സള്‍ട്ടേഴ്സിലെ ഗുസ്മാന്‍ അരിസ പറഞ്ഞു. അതേസമയം, ജോഷ്വ എവിടേയ്ക്കാണ് പോയതെന്ന കാര്യത്തില്‍ വ്യക്തതയില്ല.
സുദീക്ഷ കൊണങ്കി യുഎസില്‍ സ്ഥിരതാമസത്തിന് അര്‍ഹതയുള്ള ഇന്ത്യക്കാരിയാണ്. മാര്‍ച്ച് 6ന് ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ പുന്റ കാനയില്‍ നിന്നാണ് സുദീക്ഷയെ കാണാതായത്. ഇതിന് ശേഷം സുദീക്ഷയെക്കുറിച്ച് യാതൊരു വിവരവുമില്ല. സുദീക്ഷയുടെ മരണത്തില്‍ ജോഷ്വ റിബെയ്ക്ക് പങ്കുള്ളതായി പൊലീസ് സംശയിച്ചിരുന്നു. ഇയാളെ പൊലീസ് പലതവണ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ജോഷ്വയുടെ പാസ്പോര്‍ട്ട് ഡൊമിനിക്കന്‍ റിപ്പബ്ലിക്ക് അധികൃതര്‍ പിടിച്ചെടുത്തു. ഇത് ചൂണ്ടിക്കാട്ടി ജോഷ്വയുടെ അധികൃതര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ജോഷ്വയുടെ നീക്കങ്ങള്‍ പൊലീസ് നീരിക്ഷിച്ചുവരികയായിരുന്നു.
read also: മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ തമ്മിൽ ഏറ്റുമുട്ടി : മൂന്ന് പേര്‍ക്ക് കുത്തേറ്റു
ജോഷ്വ റിബെയുടെ കൂടെയായിരുന്നു സുദീക്ഷയെ അവസാനമായി കണ്ടത്. സംഭവ ദിവസം പുലര്‍ച്ചെ നാലിന് സുദീക്ഷയുടെ കൈപിടിച്ച് ജോഷ്വ ബീച്ചിലേക്ക് നടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇവര്‍ക്കൊപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു. 5.50 ന് സുഹൃത്തുക്കള്‍ താമസ സ്ഥലത്തേയ്ക്ക് മടങ്ങുകയും സുദീക്ഷയും ജോഷ്വയും ബീച്ചില്‍ തുടരുകയും ചെയ്തിരുന്നു. സുഹൃത്തുക്കള്‍ പോയ ശേഷം താനും സുദീക്ഷയും കടലില്‍ നീന്തിയെന്നും വലിയ തിര വന്നപ്പോള്‍ താന്‍ സുദീക്ഷയെ രക്ഷിച്ചെന്നുമാണ് ജോഷ്വ അധികൃതരോട് പറഞ്ഞത്. ഉപ്പുവെള്ളം കുടിച്ചത് തനിക്ക് ശാരീരിക അസ്വസ്ഥതയുണ്ടാക്കി. സുദീക്ഷയെ അവസാനമായി കണ്ടത് വെള്ളത്തിലൂടെ നടക്കുന്നതാണ്. എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് താന്‍ സുദീക്ഷയോട് ചോദിച്ചു. എന്നാല്‍ മറുപടിയുണ്ടായില്ല. ഉപ്പുവെള്ളം അകത്തുചെന്നതിനെ തുടര്‍ന്ന് താന്‍ ഛര്‍ദ്ദിച്ചു. പിന്നീട് ബോധം മറഞ്ഞു. ഉണര്‍ന്നപ്പോള്‍ മുറിയിലേക്ക് തിരിച്ചുപോകുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു. ഇയാളുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നായിരുന്നു പൊലീസ് പറഞ്ഞത്. അതിനിടെ മകളെ മരിച്ചതായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സുദീക്ഷയുടെ മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു. സുദീക്ഷയെ മരിച്ചതായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ അധികൃതര്‍ക്ക് കത്തയച്ചിരുന്നു. ഇതില്‍ നടപടിയുണ്ടായിട്ടില്ല.
Post Your Comments