സിഡ്‌നി: ടി20 ലോകകപ്പില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ഓസീസ് ഇതിഹാസം മാര്‍ക്ക് വോ. വോയുടെ പട്ടികയിലുള്ള ഏക ഇന്ത്യന്‍ താരം ജസ്‌പ്രീത് ബുമ്രയാണ്. താരത്തിന് വീണ്ടും പരിക്കേറ്റതിന്‍റെ ആശങ്കകള്‍ക്കും ഫോമിനെ ചൊല്ലിയുള്ള റിപ്പോർട്ടുകൾക്കിടയിലാണ് ബുമ്രയുടെ പേര് മാര്‍ക്ക് വോ ഉള്‍പ്പെടുത്തിയത്.
ലോക ടി20 ഇലവനിലെ ആദ്യ അഞ്ച് താരങ്ങളെ തെരഞ്ഞെടുക്കാന്‍ ഐസിസി ഇതിഹാസ താരങ്ങളെ ക്ഷണിച്ചപ്പോഴാണ് മാര്‍ക്ക് വോയുടെ തെരഞ്ഞെടുപ്പ്. പരിക്കിന് ശേഷം ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലൂടെ തിരിച്ചെത്തിയ ബുമ്ര ലോകകപ്പില്‍ തിളങ്ങും എന്നാണ് മാര്‍ക് വോ പറയുന്നത്.
‘എല്ലാ ഫോര്‍മാറ്റിലും ബുമ്ര മികച്ച ബൗളറാണ്. ടി20യില്‍ വിക്കറ്റുകള്‍ നേടാനുള്ള കഴിവ് നിര്‍ണായകമാണ്. ഡെത്ത് ഓവറുകളിലും തുടക്കത്തിലും താരത്തിന് നന്നായി പന്തെറിയാനാകും. പാകിസ്ഥാനില്‍ നിന്നുള്ള ഇടംകൈയന്‍ പേസര്‍ ഷഹീന്‍ അഫ്രീദി ഗംഭീര ബൗളറാണ്, വിക്കറ്റ് ടേക്കറാണ്. ഇടംകൈയനാണ് എന്നതാണ് മറ്റൊരു വ്യത്യാസം. വേഗവും സ്വിങ്ങും ഷഹീനുണ്ട്’.
‘റാഷിദ് ഖാനാവട്ടേ, ഏത് മത്സരത്തിലും നാല് ഓവറും പന്തെറിയാന്‍ പോകുന്ന ബൗളറാണ്. 20 റണ്‍സിന് രണ്ടോ മൂന്നോ വിക്കറ്റ് വീഴ്‌ത്തും. അദ്ദേഹത്തിന് ബാറ്റിംഗും വശമുണ്ട്. ബൗണ്ടറിക്ക് മുകളിലൂടെ പന്ത് പറത്താനാകും. ടി20 ഫോര്‍മാറ്റില്‍ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ബട്‌ലറാണെന്നാണ് എന്‍റെ വിശ്വാസം. പന്തിന്‍റെ ക്ലീന്‍ സ്ട്രൈക്കറാണ്. ബട്‌ലറുടെ ക്ലാസ് മുമ്പുള്ള ടൂര്‍ണമെന്‍റുകളില്‍ കണ്ടതാണ്’.
Read Also:- ആരോഗ്യകരമായ ഹൃദയത്തിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ!
‘പന്ത് കൊണ്ട് മാക്‌സ്‌വെല്‍ അണ്ടര്‍റേറ്റഡാണ്. അദ്ദേഹം 30 പന്തുകള്‍ ബാറ്റ് ചെയ്താല്‍ മത്സരം ജയിപ്പിക്കും. സ്ഥിരതയാര്‍ന്ന താരമല്ലെങ്കിലും മത്സരം ജയിപ്പിക്കാനുള്ള എക്‌സ് ഫാക്‌ടറാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍’ മാര്‍ക് വോ പറഞ്ഞു.
Post Your Comments