ദുബായ്: ടി20 ബാറ്റ്സ്മാൻമാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ്. ഓസ്ട്രേലിയ വേദിയായ ടി20 ലോകകപ്പിലെ വിസ്‌മയ പ്രകടനത്തോടെയാണ് സൂര്യ തന്‍റെ സ്ഥാനം നിലനിർത്തിയത്. സൂര്യയുടെ റേറ്റിംഗ് പോയിന്‍റ് കരിയറിലെ ഏറ്റവും മികച്ചതായ 869ല്‍ നിന്ന് 859ലേക്ക് താഴ്ന്നിരുന്നു. ലോകകപ്പ് നേടിയ ഇംഗ്ലണ്ടിന്‍റെ താരങ്ങളാണ് റാങ്കിംഗില്‍ പ്രധാനമായും നേട്ടങ്ങളുണ്ടാക്കിയത്.
ടൂര്‍ണമെന്‍റിലെ അഞ്ച് ഇന്നിംഗ്‌സില്‍ മൂന്ന് അര്‍ധ സെഞ്ചുറികള്‍ സഹിതം 59.75 ശരാശരിയിലും 189.68 സ്ട്രൈക്ക് റേറ്റിലും സൂര്യകുമാര്‍ യാദവ് 239 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. നെതര്‍ലന്‍ഡ്‌സിന്‍റെ മാക്‌സ് ഒഡൗഡിനും ഇന്ത്യയുടെ വിരാട് കോഹ്ലിക്കും ശേഷം ലോകകപ്പിലെ മൂന്നാമത്തെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായിരുന്നു സൂര്യകുമാർ.
ഫൈനലിസ്റ്റുകളായിരുന്ന പാകിസ്ഥാന്‍റെ മുഹമ്മദ് റിസ്‌വാന്‍ രണ്ടാമത് തുടരുമ്പോള്‍ നായകന്‍ ബാബര്‍ അസം ന്യൂസിലന്‍ഡിന്‍റെ ദേവോണ്‍ കോണ്‍വേയെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി. കോണ്‍വേ നാലും ദക്ഷിണാഫ്രിക്കയുടെ എയ്‌ഡന്‍ മാര്‍ക്രം അഞ്ചും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. സെമിയില്‍ ഇന്ത്യക്കെതിരെ 47 പന്തില്‍ പുറത്താകാതെ 86 റണ്‍സ് നേടിയ ഇംഗ്ലണ്ട് ഓപ്പണര്‍ അലക്‌സ് ഹെയ്‌ല്‍സ് 22 സ്ഥാനങ്ങളുയര്‍ന്ന് 12-ാം സ്ഥാനത്തെത്തി.
Read Also:- കെ ടി യു വിസി നിയമനം: സുപ്രീം കോടതി വിധിക്കെതിരെ നിയമോപദേശത്തിന് സർക്കാർ ചെലവിടുന്നത് പൊതു ഖജനാവിലെ 15 ലക്ഷം
ഇംഗ്ലണ്ടിന്‍റെ കിരീടധാരണത്തില്‍ നിര്‍ണായകമായ താരങ്ങളിലൊരാളായ സ്‌പിന്നര്‍ ആദില്‍ റഷീദ് അഞ്ച് സ്ഥാനങ്ങളുയര്‍ന്ന് ബൗളര്‍മാരില്‍ മൂന്നാമതെത്തി. ലോകകപ്പില്‍ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായി മാറിയ ലങ്കന്‍ സ്‌പിന്നര്‍ വനിന്ദു ഹസരങ്ക ഒന്നാം സ്ഥാനം നിലനിര്‍ത്തി. അഫ്‌ഗാന്‍റെ റാഷിദ് ഖാന്‍ രണ്ടാമതും ഓസീസിന്‍റെ ജേഷ് ഹേസല്‍വുഡ് നാലും സ്ഥാനത്ത് നില്‍ക്കുന്നു. കലാശപ്പോരില്‍ പാകിസ്ഥാനെതിരെ 12ന് മൂന്ന് വിക്കറ്റ് നേടി ഫൈനലിലെയും ടൂര്‍ണമെന്‍റിലെയും മികച്ച താരമായി മാറിയ സാം കറന്‍ അഞ്ചാമതെത്തി.
Post Your Comments