കൊല്ലം: ഇരവിപുരത്ത് കിടപ്പുരോഗി മരിച്ചത് വീട്ടുകാരുടെ പരിചരണത്തിലെ വീഴ്ച്ച മൂലമെന്ന് നാട്ടുകാരുടെ പരാതി. വള്ളക്കടവ് സുനാമി ഫ്ളാറ്റിലെ അൻപത്തിരണ്ടുകാരനായ ജോസഫിന്‍റെ മരണത്തിലാണ് നാട്ടുകാര്‍ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. അതേസമയം, പരാതി അടിസ്ഥാനമാണെന്ന് ജോസഫിന്റെ കുടുംബം പ്രതികരിച്ചു.
ഏറെ നാളായി കിടപ്പിലായിരുന്ന ജോസഫിനെ കഴിഞ്ഞ ദിവസം ഇരവിപുരം പള്ളി വികാരിയാണ് അവശനിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. വൈദികന്‍റെ നിര്‍ദേശപ്രകാരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ഞായറാഴ്ച്ച വൈകിട്ട് മരിച്ചു.
ഇതോടെയാണ് കുടുംബാംഗങ്ങൾക്കെതിരെ ആരോപണവുമായി നാട്ടുകാരെത്തിയത്. ജോസഫിന് ഭക്ഷണം പോലും നൽകിയിരുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ജോസഫിന്‍റെ ഭാര്യ ലില്ലിയും ഇളയമകനും വിദേശത്താണ്.
മൂത്ത മകൻ ജസ്റ്റിനായിരുന്നു അച്ഛനെ പരിപാലിച്ചിരുന്നത്. താൻ കൃത്യമായി ഭക്ഷണം നൽകിയിരുന്നുവെന്നും അച്ഛൻ കഴിച്ചിരുന്നില്ലെന്നുമാണ് ജസ്റ്റിൻ പറയുന്നത്. മകൻ ഭക്ഷണം നൽകാതിരുന്നതുകൊണ്ടാണ് ജോസഫ് മരിച്ചതെന്ന നാട്ടുകാരുടെ ആരോപണം ഇരവിപുരം പള്ളി വികാരിയും തള്ളി.
അതേസമയം, ജോസഫ് വൃക്കരോഗിയായിരുന്നുവെന്നും മാനസിക രോഗത്തിനുള്ള മരുന്ന് കഴിച്ചിരുന്നുയാളാണെന്നുമാണ് സ്വകാര്യ ആശുപത്രിയുടെ മെഡിക്കൽ റിപ്പോർട്ട്.
Post Your Comments