ന്യൂഡൽഹി: 22 കാരിയായ മഹ്സ അമിനിയുടെ മരണത്തിൽ പ്രതിഷേധിച്ച് ഹിജാബ് കത്തിക്കുകയും മുടി മുറിക്കുകയും ചെയ്യുന്ന ഇറാനിയൻ സ്ത്രീകളെ അഭിനന്ദിച്ച് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ. ഹിജാബ് യഥാർത്ഥത്തിൽ ഒരു തിരഞ്ഞെടുപ്പല്ലെന്നും ലോകമെമ്പാടുമുള്ള സ്ത്രീകൾ ഇറാന്റെ പ്രതിഷേധത്തിൽ നിന്ന് ധൈര്യം നേടുമെന്നും തസ്ലീമ നസ്രീൻ അവകാശപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് സദാചാര പോലീസിന്റെ മർദ്ദനത്തിന് വിധേയയായ മഹ്‌സ അമിനി ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഹിജാബ് ശരിയായ രീതിയിൽ ധരിച്ചില്ലെന്നാരോപിച്ചായിരുന്നു മർദ്ദനം. മരണത്തെ തുടർന്ന് ഇറാനിലുടനീളം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.
‘ഞാൻ വളരെ സന്തോഷവതിണ്. പ്രതിഷേധ സൂചകമായി അവർ ഹിജാബ് കത്തിക്കുകയും മുടി മുറിക്കുകയും ചെയ്യുന്നത് മനോഹരമായ ദൃശ്യമാണ്. ലോകത്തിന്, എല്ലാ മുസ്ലീം സ്ത്രീകൾക്കും ഇത് വളരെ പ്രധാനമാണ്. കാരണം ഹിജാബ് സ്ത്രീകളെ അടിച്ചമർത്തുന്നതിന്റെയും അപമാനിക്കുന്നവയുടെയും പ്രതീകമാണെന്ന് ഞങ്ങൾക്കറിയാം’, തസ്ലീമ നസ്രീൻ പറഞ്ഞു.
ലോകമെമ്പാടുമുള്ള സ്ത്രീകളും ഹിജാബ് കത്തിച്ച് ഹിജാബ് സമ്പ്രദായത്തിനെതിരെ പ്രതിഷേധിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ത്യാ ടുഡേയോടായിരുന്നു അവരുടെ പ്രതികരണം. ഹിജാബ് ധരിക്കുന്നത് ഒരു ചോയ്‌സ് ആണോ എന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു അവരുടെ മറുപടി. ഹിജാബ് ധരിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് അതിനുള്ള അവകാശം ഉണ്ടായിരിക്കണമെന്ന് തസ്ലീമ നസ്രീൻ പറഞ്ഞു. പക്ഷേ, ആഗ്രഹിക്കാത്ത ആളുകൾക്ക് ഹിജാബ് ധരിക്കാതിരിക്കാനുള്ള അവകാശവും ഉണ്ടായിരിക്കണമെന്നാണ് അവർ പറയുന്നത്.
Post Your Comments