തിരുവനന്തപുരം: 2019ലെ ചരിത്ര കോണ്‍ഗ്രസില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവർത്തകർക്ക് മുൻപാകെ പ്രദര്‍ശിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. താനോ രാജ്ഭവനോ സൃഷിച്ച വീഡിയോ അല്ല മറിച്ച് സര്‍ക്കാരിന്റെ പിആര്‍ഡിയില്‍ നിന്നുള്ള ദൃശ്യങ്ങളാണെന്നും ഗവർണർ വ്യക്തമാക്കി. തന്റെ നേര്‍ക്ക് ആളുകള്‍ വന്നപ്പോള്‍ തടഞ്ഞത് നിലവില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെകെ രാഗേഷാണെന്ന് ഗവര്‍ണര്‍ ആരോപിച്ചു.
വേദിയില്‍ നിന്നും ഇറങ്ങി വന്നാണ് കെകെ രാഗേഷ് പൊലീസിനെ തടഞ്ഞതെന്ന് ചൂണ്ടിക്കാട്ടിയ ഗവർണർ, സെക്ഷന്‍ 124 പ്രകാരം ഗവര്‍ണറെ തടഞ്ഞാല്‍ സ്വമേധയാ കേസെടുക്കണമെന്നാണ് നിയമമെന്ന് വ്യക്തമാക്കി. ഏഴ് വർഷം തടവാണ് ഇതിനുള്ള ശിക്ഷയെന്ന് ഗവർണർ ചൂണ്ടിക്കാട്ടുന്നു. നൂറ് കണക്കിന് പൊലീസുകാരുടെ സാന്നിധ്യത്തിലാണ് കണ്ണൂരിലെ സംഭവം നടന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.
‘വിമാനത്തില്‍ സഞ്ചരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ പാര്‍ട്ടി കണ്‍വീനറുള്ള സംസ്ഥാനത്താണ് നമ്മള്‍ ജീവിക്കുന്നത്. മോശം പെരുമാറ്റത്തിനാണ് അദ്ദേഹത്തിന് വിലക്ക്. ഒരു മന്ത്രി ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് സ്ഥാനം രാജിവെച്ചത്. പാക്കിസ്ഥാന്റെ ഭാഷയിലാണ് മുന്‍ മന്ത്രി സംസാരിക്കുന്നത്. പ്രസംഗിക്കാന്‍ മൂന്ന് മിനിറ്റ് മാത്രം അനുവദിച്ച ചരിത്രകാരന്‍ ഇർഫാൻ ഹബീബ് 35 മിനുറ്റില്‍ കൂടുതല്‍ സംസാരിച്ചു. 95 മിനുട്ടിലേറെ സമയം തന്നെ വേദിയിലിരുത്തി. ഇര്‍ഫാന്‍ ഹബീബ് ചരിത്രമല്ല സംസാരിച്ചത്. സിഎഎയെക്കുറിച്ചും, കേന്ദ്രസര്‍ക്കാരിനെക്കുറിച്ചും സംസാരിച്ചു. ഓരോ പരാമര്‍ശം നടത്തുമ്പോഴും ഇർഫാൻ ഹബീബ് തന്നെ നോക്കുന്നുണ്ടായിരുന്നു’, ഗവർണർ പറയുന്നു.
Post Your Comments