കൊളംബോ: ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. ഏഷ്യാകപ്പിന്‍റെ മിന്നും വിജയത്തിന്‍റെ ആവേശത്തില്‍ 15 അംഗ പ്രാഥമിക ടീമിനെയാണ് ശ്രീലങ്കൻ ക്രിക്കറ്റ് സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. അഞ്ച് സ്റ്റാൻഡ് ബൈ താരങ്ങളെയും തെരഞ്ഞെടുത്തിട്ടുണ്ട്. ദസുൻ ഷനകയാണ് ക്യാപ്റ്റന്‍.
പരിക്കും ലങ്കന്‍ ടീമിനെ വലയ്ക്കുന്നുണ്ട്. ടീമിലുള്‍പ്പെടുത്തിയെങ്കിലും ദുഷ്മന്ത ചമീര, ലാഹിരു കുമാര എന്നിവര്‍ പരിക്കുമൂലം കളിയ്ക്കുമോ എന്ന കാര്യത്തില്‍ സംശയമാണ്. അതേസമയം, ആരാധകരുടെ ഫേവറിറ്റ് ലിസ്റ്റിൽ ലങ്കൻ ടീമും സ്ഥാനം പിടിച്ചിട്ടുണ്ട്. നേരത്തെ, ശ്രീലങ്ക ഏഷ്യാ കപ്പ് നേടുമെന്ന് അവരുടെ ആരാധകര്‍ പോലും കരുതിയിരുന്നില്ല.
എന്നാല്‍, ശക്തരായ പാകിസ്ഥാനെ തോല്‍പ്പിച്ചാണ് ലങ്ക ഏഷ്യന്‍ ചാമ്പ്യന്മാരായത്. രാഷ്ട്രീയ പ്രതിസന്ധിയില്‍ ഉഴലുന്ന രാജ്യത്തിന് ആശ്വാസമാണ് ഈ കിരീടമെന്നുള്ള കാര്യത്തില്‍ സംശയമൊന്നുമില്ല. ആറാം തവണയാണ് ലങ്ക ഏഷ്യാ കപ്പ് നേടുന്നത്. ഇക്കാര്യത്തില്‍ ഏഴ് കിരീടങ്ങള്‍ നേടിയ ഇന്ത്യയാണ് ശ്രീലങ്കയ്ക്ക് മുന്നിലുള്ളത്. പാകിസ്ഥാന് ഇതുവരെ രണ്ട് കിരീടങ്ങള്‍ മാത്രമാണ് നേടാനായിട്ടുള്ളത്.
പാകിസ്ഥാനെ 23 റണ്‍സിന് തകർത്താണ് ശ്രീലങ്ക കിരീടം നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടി. ലങ്ക ഉയർത്തിയ 170 വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാന്‍ 20 ഓവറില്‍ 147ന് എല്ലാവരും പുറത്തായി.
ടീം: ദസുൻ ഷനക (ക്യാപ്റ്റന്‍), ധനുഷ്‌ക ഗുണതിലക, പാത്തും നിസ്സങ്ക, കുശാൽ മെൻഡിസ്, ചരിത് അസലങ്ക, ഭാനുക രാജപക്‌സെ, ധനഞ്ജയ ഡി സിൽവ, വാനിന്ദു ഹസരംഗ, മഹേഷ് തീക്ഷണ, ജെഫ്രി വന്ദർസെ, ചാമിക കരുണരത്‌നെ, ദുഷ്മന്ത ചമീര, ദിൽഷൻ മധുശങ്ക, പ്രമോദ് മധുഷൻ.
Read Also:- യുവാവ് കുടുംബാരോഗ്യ കേന്ദ്രത്തിലെ ബാത്ത് റൂമിൽ മരിച്ച നിലയിൽ
സ്റ്റാൻഡ് ബൈ താരങ്ങൾ: അഷെൻ ബണ്ഡാര, പ്രവീൺ ജയവിക്രമ, ദിനേഷ് ചണ്ഡിമൽ, ബിനുര ഫെർണാണ്ടോ, നുവാനിദു ഫെർണാണ്ടോ.
Post Your Comments