മലയാള സിനിമയിൽ പുതിയൊരു പരീക്ഷണ ആഖ്യാനത്തിന് തുടക്കം കുറിച്ച ചിത്രമാണ് രാജീവ് അഞ്ചലിൻ്റെ ഗുരു എന്ന ചിത്രം. മോഹൻലാൽ, സുരേഷ്ഗോപി നെടുമുടി വേണു , ശ്രീനിവാസൻ ,മധുപാൽ , കാവേരി ,സിതാര ഉൾപ്പെടെ അനവധി താരങ്ങൾ അഭിനയിച്ച ഗുരു എന്ന ചിത്രം അവതരണത്തിലും ഏറെ പുതുമകൾ പുലർത്തിയ ചിത്രമായിരുന്നു.
മതതീവ്രവാദം എങ്ങനെയാണ് ജനങ്ങളെ ബാധിക്കുന്നത് എന്നും വിശ്വാസം കൊണ്ട് മതതീവ്രവാദത്തെ എങ്ങനെ പ്രതിരോധിക്കാൻ കഴിയും എന്നും കാണിച്ചു തന്ന ചിത്രമായിരുന്നു ഗുരു. ഗുരു ഇറങ്ങിയിട്ട് 25 ആണ്ട് തികഞ്ഞു.
ഹിന്ദു മുസ്ലിം കലാപത്തെ അടിസ്ഥാനമാക്കി മുന്നോട്ടു നീങ്ങുന്ന ചിത്രത്തിൽ രഘുരാമൻ എന്ന യുവാവ് തൻ്റെ ബന്ധുക്കൾ നഷ്ടപ്പെട്ട സങ്കടത്തിൽ തീവ്രവാദികളുടെ ഒപ്പം ചേരുന്നു. തീവ്രവാദികളുടെ ആശയങ്ങൾ നടപ്പിലാക്കുന്നതിനായി നടക്കുന്ന രഘുരാമൻ ഒരു ആശ്രമത്തിൽ എത്തപ്പെടുന്നു .അവിടെ വെച്ച് ചില തിരിച്ചറിവുകൾ രഘുരാമന് ഉണ്ടാകുന്നു. തിരിച്ചറിവിൻ്റെ ലോകം എന്ന് പറഞ്ഞ് അന്ധന്മാരുടെ താഴ്‌വരയിലേക്ക് അദ്ദേഹം എത്തുന്നു. സമകാലിക ഇന്ത്യൻ സമൂഹത്തെ അന്ധന്മാരുടെ താഴ് വരയെ മുൻനിർത്തി പ്രതീകാത്മകമായി ദൃശ്യവൽക്കരിക്കുകയായിരുന്നു ഗുരു. 1997ൽ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരത്തിലേക്കു മത്സരിക്കാനായി ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്തത് ഗുരുവായിരുന്നു.
രാജീവ് അഞ്ചലിന്റെ കഥയ്ക്ക് സി ജി രാജേന്ദ്ര ബാബു ഒരുക്കിയ തിരക്കഥ ഏറെ ശ്രദ്ധ നേടിയിരുന്നു. അതോടൊപ്പം തന്നെ ഇളയരാജ ഒരുക്കിയ മികച്ച ഗാനങ്ങളും ഗുരുവിനെ ഏറെ ആകർഷകമാക്കി മാറ്റിയിരുന്നു. മോഹൻലാലിൻ്റെ രഘുരാമൻ എന്ന കഥാപാത്രത്തെക്കാൾ മികച്ച കഥാപാത്രമായിരുന്നു സുരേഷ് ഗോപിയുടെ അന്ധൻമാരുടെ രാജാവിൻ്റേത്. അധികാരഗർവ്വിൻ്റെയും ദൗർബല്യങ്ങളുടെയും നിസ്സഹായതയുടെയും പ്രതിരൂപമായ രാജാവ് സുരേഷ് ഗോപിയുടെ കരിയറിലെ മികച്ച വേഷമായിരുന്നു.
Post Your Comments