തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്‌ക്കെതിരെ പരിഹാസവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് രംഗത്ത്. ഭാരത് ജോഡോ യാത്രയുടെ റൂട്ട് തയ്യാറാക്കിയിട്ടുള്ളത് പ്രധാന എതിരാളികളായ ബി.ജെ.പി ഇല്ലാത്ത സംസ്ഥാനങ്ങൾ തെരഞ്ഞ് പിടിച്ചാണെന്നും ഈ ‘കണ്ടെയ്‌നർ ജാഥ’ ആർക്കെതിരെയാണെന്നും സ്വരാജ് ചോദിച്ചു.
എം. സ്വരാജിന്റെ വാക്കുകൾ ഇങ്ങനെ;
‘രാജ്യത്തെ ഒരുമിപ്പിക്കുക, ബി.ജെ.പിയുടെ വർഗീയ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ പോരാടുക എന്നീ ലക്ഷ്യങ്ങൾക്കായാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര എന്നാണ് കോൺഗ്രസ് പറയുന്നത്. പക്ഷെ ജാഥയാകെ കടന്നുപോകുന്നത് 12 സംസ്ഥാനങ്ങളിലൂടെയാണ്. അതിൽ ഏഴും ബി.ജെ.പിക്ക് വേരോട്ടമുള്ള സംസ്ഥാനങ്ങളല്ല. ബി.ജെ.പി ഇല്ലാത്ത സംസ്ഥാനങ്ങൾ തെരഞ്ഞുപിടിച്ചാണ് റൂട്ട് തയ്യാറാക്കിയിട്ടുള്ളത്.
രാഹുൽ ഏറ്റവും കൂടുതൽ നടക്കുന്നത് കേരളത്തിലൂടെയാണ്. കേരളത്തിലാകട്ടെ ബി.ജെ.പിക്ക് നിവർന്ന് നിൽക്കാൻ പോയിട്ട് നിരങ്ങി നീങ്ങാൻ പോലും സാധിച്ചിട്ടില്ല.
ഈ കണ്ടെയ്‌നർ ജാഥ ആർക്കെതിരെയാണ്, എന്തിനെതിരെയാണ് എന്ന കാര്യത്തിൽ കോൺഗ്രസും മാധ്യമ പ്രവർത്തകരും തമ്മിൽ ഇനിയെങ്കിലും ഒരു ധാരണയിൽ എത്തേണ്ടതുണ്ട്. ഒരു വിഭാഗം മലയാളം മാധ്യമങ്ങളുടെ കണ്ടെയ്‌നർ വാഴ്ത്തിപ്പാട്ടുകൾ കണ്ടിട്ട് മിക്കവാറും ഈ കണ്ടെയ്‌നറുകൾ കോൺഗ്രസിനേയും കൊണ്ടേ പോകു എന്ന് തന്നെയാണ് ഈ ഘട്ടത്തിൽ തോന്നുന്നത്.
Post Your Comments