CricketLatest NewsNewsSports

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യയ്ക്ക് രണ്ടാം തോൽവി

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് തോൽവി. ശ്രീലങ്കയ്‌ക്കെതിരെ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇന്ത്യയ്ക്ക് ഇനി ഫൈനലില്‍ കടക്കണമെങ്കില്‍ കണക്കുകള്‍ക്കൊപ്പം മറ്റു ടീമുകളുടെ ജയപരാജയങ്ങള്‍ കൂടി തുണയ്ക്കണം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടി.

മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക 19.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഗംഭീര തുടക്കമാണ് ലങ്കയ്ക്ക് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ പതും നിസ്സങ്ക (52), കുശാല്‍ മെന്‍ഡിസ് (57) സഖ്യം 97 റണ്‍സാണ് കൂട്ടിച്ചേർത്തത്. എന്നാല്‍, നിസ്സങ്കയെ പുറത്താക്കി യൂസ്‌വേന്ദ്ര ചാഹല്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. 12-ാം ഓവറിലാണ് മടക്കം.

പിന്നീട്, തുടര്‍ച്ചയായി ലങ്കയ്ക്ക് വിക്കറ്റുകള്‍ നഷ്ടമായി. ചരിത് അസലങ്കയും (0) ചാഹലിന് മുന്നില്‍ കീഴടങ്ങി. അതേ ഓവറില്‍ മെന്‍ഡിസിനെ ചാഹല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ ലങ്ക മൂന്നിന് 110 എന്ന നിലയിലായി. ധനുഷ്‌ക ഗുണതിലകയും (1) മടങ്ങിയതോടെ ലങ്ക പ്രതിരോധത്തിലായി. അവസാന രണ്ട് ഓവറില്‍ 21 റണ്‍സാണ് ശ്രീലങ്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 19-ാം ഓവറില്‍ ഭാനുക രജപക്‌സ- ദസുന്‍ ഷനക സഖ്യം 13 റണ്‍സ് നേടി.

അവസാന ഓവറില്‍ ലങ്കയ്ക്ക് ജയിക്കാൻ വേണ്ടത് ഏഴ് റണ്‍സ്. ആദ്യ രണ്ട് പന്തുകളില്‍ ലങ്ക ഓരോ റണ്‍ വീതം നേടി. മൂന്നാം പന്തില്‍ രണ്ട് റണ്‍സ്. നാലാം പന്തില്‍ വീണ്ടും സിംഗിള്‍. അവസാന രണ്ട് പന്തില്‍ ജയിക്കാന്‍ വേണ്ടത് രണ്ട് റണ്‍. അഞ്ചാം ബോൾ അര്‍ഷ്ദീപ് മിസ്സാക്കിയെങ്കിലും ലങ്കന്‍ താരങ്ങള്‍ റണ്ണിനായി ഓടി. റിഷഭ് പന്തിന്റെയും അര്‍ഷ്ദീപിന്റെയും ത്രോ പിഴച്ചതോടെ ഓവര്‍ ത്രോ മുതലാക്കിയ ലങ്ക വിജയം ആഘോഷിച്ചു.

Read Also:- കുട്ടികളുടെ ബുദ്ധിശക്തിയും ഓർമ്മശക്തിയും വർദ്ധിപ്പിക്കാൻ!

നേരത്തെ, ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ (41 പന്തില്‍ 72) റണ്‍സാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഇന്ത്യയുടെ മധ്യനിര കൂടാരം കയറിയപ്പോൾ ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് രോഹിത്തുമൊത്ത് മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും 97 റണ്‍സ് കൂട്ടിച്ചേർത്തു. നാല് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button