Latest NewsKeralaNews

പൊതുസ്ഥലത്ത് നായ മാത്രം ജീവിച്ചാൽ പോരാ, മനുഷ്യൻ ജീവിച്ചിട്ട് മതി നായ ജീവിക്കുന്നത്: സോഷ്യൽ മീഡിയയിൽ ചർച്ചയായി കുറിപ്പ്

അറുപത് ലക്ഷം ഡോളർ ചെലവാക്കി എൺപതിനായിരം ആടുകളെ കൊന്നുകളഞ്ഞു

കേരളത്തിൽ നായകളുടെ ശല്യം വർദ്ധിച്ചിരിക്കുകയാണ്. പന്ത്രണ്ട് വയസുകാരി കുട്ടി കഴിഞ്ഞ ദിവസം പേ വിഷബാധ മൂലം മരണപ്പെട്ടിരുന്നു. ഇപ്പോഴിതാ, തെരുവ് നായകളെ സംരക്ഷിക്കുന്നവർ തിരിച്ചറിയാതെ പോകുന്ന ചില കാര്യങ്ങൾ ചൂണ്ടിക്കാണിക്കുകയാണ് വൈശാഖൻ തമ്പി

കുറിപ്പ്

അറുപത് ലക്ഷം ഡോളർ ചെലവാക്കി എൺപതിനായിരം ആടുകളെ കൊന്നുകളഞ്ഞു എന്ന് കേട്ടാൽ എന്ത് തോന്നും? എന്തൊക്കെ തോന്നിയാലും, അതൊരു പരിസ്ഥിതിപ്രവർത്തനമാണെന്ന് തോന്നാൻ സാധ്യതയുണ്ടോ? ഗാലപ്പഗോസ് ദ്വീപസമൂഹത്തിലെ സാന്റിയാഗോ ദ്വീപിൽ നടന്ന ഇത്തരമൊരു കൂട്ടക്കൊല ശാസ്ത്രജ്ഞരും പരിസ്ഥിതിസ്നേഹികളും ചേർന്ന് വളരെ കഷ്ടപ്പെട്ട് നടത്തിയ ഒരു പരിസ്ഥിതിപ്രവർത്തനം തന്നെയായിരുന്നു. ആടുകൾ സാന്റിയാഗോ ദ്വീപിൽ സ്വാഭാവികമായി ഉണ്ടായിരുന്ന ജീവികളല്ല. മനുഷ്യരാണ് അവയെ അവിടെയെത്തിച്ചത്. സ്വാഭാവിക ഇരപിടിയൻമാരുടെ അഭാവത്തിൽ അവയവിടെ പെറ്റുപെരുകി. പിന്നെ ദ്വീപ് മുഴുവൻ അലഞ്ഞുനടന്ന് അവിടത്തെ തദ്ദേശീയ ജീവിവർഗങ്ങൾക്ക് കനത്ത ഭീഷണിയായി മാറി. അതൊരു വലിയ പരിസ്ഥിതിപ്രശ്നമായതോടെയാണ് കൂട്ടക്കൊല എന്ന് പരിഹാരത്തിലേയ്ക്ക് നയിച്ചത്.

read also: നിങ്ങളുടെ ആത്മാഭിമാനം ഉയർത്താനുള്ള ലളിതമായ വഴികൾ ഇവയാണ്

പരിസ്ഥിതിയ്ക്കോ സമ്പദ്‌വ്യവസ്ഥയ്ക്കോ മനുഷ്യന്റെ ആരോഗ്യത്തിനോ ഹാനികരമാകുന്ന വിധത്തിൽ, ഒരു ജീവവർഗം അത് സ്വാഭാവികമായി കണ്ടുവരാത്ത സാഹചര്യങ്ങളിൽ പെറ്റുപെരുകിയാൽ അതിനെ Invasive species എന്ന് വിളിക്കും. മറ്റൊരു ഉദാഹരണം ഇന്ന് അറ്റ്ലാന്റിക് സമുദ്രത്തിൽ ക്രമാതീതമായി പെരുകുന്ന ലയൺഫിഷുകളാണ്. അറ്റ്ലാന്റിക് അവയുടെ സ്വാഭാവിക ആവാസമല്ല. വളർത്തുമൃഗങ്ങളെ കയറ്റിയ കപ്പലുകളിൽ നിന്നോ വീടുകളിൽ നിന്ന് അധികം വന്ന മീനുകളെ മനുഷ്യർ കടലിലേക്ക് വിട്ടതിനെ തുടർന്നോ ആണെന്ന് കരുതുന്നു അവ അറ്റ്ലാന്റിക്കിലെത്തിയത്. അവിടെ ലയൺഫിഷുകളെ സ്വാഭാവികമായി ഭക്ഷണമാക്കുന്ന മറ്റ് ജലജീവികളൊന്നും ഇല്ലാത്തതിനാൽ ഇവ അവിടെ പെറ്റുപെരുകി ഇപ്പോ മറ്റ് ചെറിയ ജീവികളുടെ നിലനിൽപിന് തന്നെ ഭീഷണിയായിരിക്കുന്നു.
പൊതുവിൽ കൊല്ലുക എന്ന പ്രവൃത്തി വലിയ വൈകാരികഭാരം ചുമക്കുന്ന ഒന്നാണ്. ആധുനികസമൂഹത്തിൽ അത് സ്വാഭാവികവുമാണ്. കൊലപാതകം വലിയൊരു കുറ്റമായി ലോകമെങ്ങും കണക്കാക്കപ്പെടുന്നു. പക്ഷേ ഒരു ജീവിയുടെ ജീവിക്കാനുള്ള അവകാശത്തെ കവർന്നെടുക്കലാണ് എന്ന രാഷ്ട്രീയമായ ന്യായമാണ് അതിന് പിന്നിലുള്ളത്. പകരം, കൊല്ലുക എന്ന പ്രവൃത്തി ക്രൂരമാണ്, സഹജീവികളോടുള്ള സ്നേഹമില്ലായ്മയാണ്, ദൈവം കൊടുത്ത ജീവൻ മനുഷ്യൻ എടുക്കുകയാണ് തുടങ്ങിയ വൈകാരികമോ മതപരമോ ആയ ന്യായങ്ങൾക്ക് അവിടെ അധികം പ്രസക്തിയില്ല.

കൊല്ലുക അല്ലെങ്കിൽ ജീവനെടുക്കുക എന്നത് ജീവലോകത്തിലെ ഒരു അടിസ്ഥാന പ്രക്രിയയാണ്. ഭക്ഷ്യശൃംഖലയുടേയും അതുവഴി മൊത്തം പരിസ്ഥിതിയുടേയും വരെ സന്തുലനത്തിന്റെ ആണിക്കല്ലാണത്. കൊല്ലുക എന്ന പ്രവൃത്തിയുടെ ഗുണദോഷമാണ് വിഷയമെങ്കിൽ അത് ആര് എന്തിനുവേണ്ടി ചെയ്യുന്നു എന്നത് മാനദണ്ഡമാകരുതല്ലോ. ഭൂമിയിലെ അവസാനത്തെ മാനിന് പിറകേ ഭൂമിയിലെ അവസാനത്തെ സിംഹം ഓടുകയാണെങ്കിൽ നമ്മൾ ആരുടെ ഭാഗത്താണ് നിൽക്കേണ്ടത്? പക്ഷേ ഒരു മാനിനെ വേട്ടവിനോദത്തിന്റെ ഭാഗമായി ഒരു മനുഷ്യൻ കൊല്ലുന്നതും വിശപ്പ് മാറ്റാനായി ഒരു സിംഹം കൊല്ലുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ആദ്യത്തേത് വെറും ക്രൂരതയും രണ്ടാമത്തേത് ആഹരണമെന്ന ജീവപ്രവൃത്തിയുമാണ്. മാനസാന്തരപ്പെട്ട്, കൊലപാതകമെന്ന ‘പാപകർമം’ ഉപേക്ഷിച്ച് സിംഹങ്ങൾക്ക് വെജിറ്റേറിയനാവാൻ സാധിക്കില്ല. ഇനി സാധിച്ചാൽ തന്നെ മാനുകൾ ക്രമാതീതമായി എണ്ണത്തിൽ പെറ്റുപെരുകിയാൽ അതാ പ്രകൃതിയുടെ സന്തുലനാവസ്ഥയെ തകിടം മറിക്കാനേ ഉപകരിക്കൂ.

പ്രകൃതിസന്തുലനം എന്ന സൂക്ഷ്മമായ ബാലൻസിനെ പറ്റി സ്കൂൾ ക്ലാസുകളിൽ വരെ നമ്മൾ പഠിക്കുന്നുമുണ്ട്. മനുഷ്യൻ മനുഷ്യനെ കൊല്ലുന്നത് തെറ്റാകുന്നത് അത് തെറ്റാണെന്ന് ഏതെങ്കിലും വിശുദ്ധപുസ്തകത്തിൽ എഴുതിയിരിക്കുന്നതുകൊണ്ടല്ല, അത് ജീവിക്കാനുള്ള ഒരു പൗരന്റെ മൗലികാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് എന്ന ലളിതമായ, അതേസമയം ഗൗരവകരമായ, രാഷ്ട്രീയകാരണം കൊണ്ടാണ്. ജീവനെടുക്കുക എന്നത് പാപമാണ് എങ്കിൽ കൊതുകിനെ കൊല്ലുന്നതും വാഴ വെട്ടുന്നതും ഒക്കെ പാപമായിത്തന്നെ കണക്കാക്കണം. ഒരു കൊതുകിലും കോഴിയിലും ഉള്ള അതേ ജീവൻ തന്നെയാണ് മനുഷ്യനിലും ഉള്ളത്. അല്ലാതെ ജീവന്റെ അളവ് പറയുമ്പോൾ കിലോഗ്രാമിലോ ലിറ്ററിലോ quantify ചെയ്യാവുന്ന ഒന്നും അതിലില്ലല്ലോ. സാമാന്യമായി കൊല്ലുക എന്ന പ്രവൃത്തിയുടെ ഗുണദോഷം ചികയുകയാണെങ്കിൽ കൊല്ലേണ്ടിടത്ത് കൊന്നുതന്നെയാകണം എന്നാണ് എന്റെ നിലപാട്.

തെരുവുനായകൾ എവിടെനിന്നാണ് വരുന്നത്? അവ താനേ ഉണ്ടാകുന്നതല്ല. സ്വാഭാവികമായി നായകൾ ഉണ്ടാകാൻ സാധ്യതയില്ലാത്തിടത്ത് മനുഷ്യന്റെ ഇടപെടൽ കൊണ്ട് സൃഷ്ടിക്കപ്പെട്ട ജീവികളാണവ. നായക്കുട്ടികളെ വളർത്തുകയും വളർന്ന് ഓമനത്തം നഷ്ടപ്പെടുമ്പോൾ ഇറക്കിവിടുകയും ചെയ്യുന്ന ആളുകളെ കണ്ടിട്ടുണ്ട്. അലക്ഷ്യമായി ഭക്ഷണപദാർത്ഥങ്ങൾ പരിസ്ഥിതിയിലേക്ക് വലിച്ചെറിയുന്ന സമൂഹം അവയെ പരോക്ഷമായി തീറ്റിപ്പോറ്റുകയും പ്രജനനം നടത്തി പെരുകാനുള്ള അവസരം കൊടുക്കുകയും ചെയ്യുന്നു. കേരളത്തിലെ സാഹചര്യത്തിൽ ഇന്ന് ലക്ഷക്കണക്കിന് തെരുവുനായകളാണ് ഇങ്ങനെ അലഞ്ഞുനടക്കുന്നത്. ഇവയിൽ ഏതൊക്കെ എപ്പോഴൊക്കെ ആക്രമണകാരികളാകും എന്ന് ആർക്കും പറയാനാവില്ല. അപ്പോഴും ഓർക്കേണ്ടത് ഇത് മനുഷ്യൻ തന്നെ വരുത്തിവെച്ച വിനയാണ് എന്നതാണ്. പരിസ്ഥിതിയിൽ വിവേകപൂർവം ഇടപെടാതെ കാര്യങ്ങളെ ലാഘവബുദ്ധിയോടെ സമീപിച്ചതിന്റെ ഫലമാണിത്.

ഇത് ഇത്രയും വഷളായ സാഹചര്യത്തിൽ അലഞ്ഞ് നടക്കുന്ന ഇക്കണ്ട നായകളെ മൊത്തം തപ്പിപ്പിടിച്ച് വന്ധ്യംകരിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും വേണ്ടിവരുന്ന അധ്വാനവും ചെലവും എത്രയോ വലുതാണ്. ആ തുകയും വിഭവശേഷിയും പൊതുജനാരോഗ്യം പോലുള്ള മേഖലകളിലേക്ക് പോകുന്നതല്ലേ കൂടുതൽ നല്ലത്? ഉത്തരവാദിത്വമുള്ള സർക്കാർ പൗരനെയാണ് സംരക്ഷിക്കേണ്ടത്, പൗരന്റെ തെറ്റുകളെയല്ല. മനുഷ്യൻ കൂടുതുറന്നുവിട്ട ഈ വിനയ്ക്ക് ഫലപ്രദമായ പരിഹാരം ഇവയെ കൊന്നുകളയുക എന്നതാണെങ്കിൽ അതിൽ തെറ്റൊന്നും കാണുന്നില്ല. അത് പറയുന്നത് പട്ടികളോട് എന്തെങ്കിലും ദേഷ്യമുള്ളതുകൊണ്ടല്ല. വ്യക്തിപരമായി പട്ടികളോട് ഇഷ്ടമുള്ള, അവയിൽ ഓമനത്തം കാണുന്ന ഒരാൾ തന്നെയാണ്. കൊല്ലാതെ പറ്റുമെങ്കിൽ കൊല്ലാതെ പരിഹരിക്കണം എന്നുതന്നെയാണ് അഭിപ്രായവും. മനുഷ്യജീവിതം സാധ്യമാക്കാൻ വേണ്ടി കൊല്ലുക എന്ന അറ്റകൈയിലേയ്ക്ക് പോകേണ്ടിവന്നാൽ പോലും അതിലെ വൈകാരികത പോകേണ്ടത് മനുഷ്യരുടെ നേർക്കാണ്, പട്ടികളുടെ നേർക്കല്ല എന്ന് മാത്രമേ അർത്ഥമാക്കിയിട്ടുള്ളൂ.

സഹമനുഷ്യരോടുള്ള സ്നേഹത്തിന് മുകളിൽ മൃഗസ്നേഹത്തെ പ്രതിഷ്ഠിച്ചുകൊണ്ട് virtue signalling നടത്തുന്നവരെ ഈ കാര്യത്തിൽ പരിഗണിക്കേണ്ട കാര്യം തന്നെയില്ല. ശരിയാണ്, മൃഗസ്നേഹവും മനുഷ്യത്വവും ഒക്കെ വേണ്ടതുതന്നെയാണ്. പക്ഷേ ആന എന്ന ജീവിയെ അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ നിന്ന് ബലമായി പിടിച്ചോണ്ട് വന്ന്, നട്ടവെയിലത്ത് നടുറോഡിലൂടെ നടത്തി, അതിന്റെ മുതുകത്ത് കനം കയറ്റി, അനുസരിപ്പിക്കാൻ ചട്ടമുറിവ് ഉണ്ടാക്കി വേദനിപ്പിച്ച്, കാത് പൊട്ടുന്ന കോലാഹലത്തിന്റെ നടുക്ക് നിർത്തി കൊല്ലാക്കൊല ചെയ്യിക്കുന്ന പ്രവൃത്തിയെ ‘ആനപ്രേമം’ എന്ന് വിശേഷിപ്പിക്കുന്ന ഈ നാട്ടിലെ ഈ പറയുന്ന മൃഗസ്നേഹത്തിൽ ഇച്ചിരി വിശ്വാസക്കുറവുണ്ട്. തെരുവുനായകളെ വണ്ടിയിൽ ആഹാരവുമായി വന്ന് ഓമനിച്ചിട്ടുപോകുന്ന ഒരുപാട് പേരെ നഗരങ്ങളിൽ കാണാറുണ്ട്. ഒരുപക്ഷേ തങ്ങളെന്തോ വലിയ പുണ്യപ്രവൃത്തി ചെയ്യുന്നു എന്ന മട്ടിലായിരിക്കും അവരത് ചെയ്യുന്നത്. പട്ടികൾക്ക് ആഹാരം കൊടുക്കുമ്പോൾ തലച്ചോറിലെ റിവാർഡ് സെന്ററുകൾ നൽകുന്ന സന്തോഷവും ഒരു പ്രധാന ആകർഷണമായിരിക്കാം. പക്ഷേ ഇവർക്ക് വണ്ടിയിൽ വന്ന് ഭക്ഷണം കൊടുത്ത് പരിപോഷിപ്പിച്ചിട്ട്, അതുകണ്ട് വാലാട്ടുന്ന പട്ടികളെ ഒന്ന് തലോടിയിട്ട് അങ്ങ് പോയാൽ മതി. ആ സ്ഥലം വാഹനം അഫോഡ് ചെയ്യാൻ കഴിയാത്ത ഒരുപാട് മനുഷ്യർ, ചിലപ്പോ വേച്ചും കിതച്ചും വരെ, ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വേണ്ടി നടന്നുപോകുന്ന വഴിയായിരിക്കും. പട്ടി കടിച്ച് അപകടത്തിൽ പെടുന്ന മനുഷ്യരുടെ സാമൂഹികപശ്ചാത്തലം നോക്കിയാൽ ഇക്കാര്യം വ്യക്തമാവും. മൃഗസ്നേഹം ഉള്ളവർ ഈ ജീവികളെ അവരവരുടെ സ്വകാര്യ സ്ഥലങ്ങളിലേയ്ക്ക് മാറ്റി അവിടെവച്ച് കൊതിതീരുന്നതുവരെ സ്നേഹിച്ചോട്ടെ. പൊതുസ്ഥലത്ത് പക്ഷേ പട്ടിയ്ക്ക് മാത്രം ജീവിച്ചാൽ പോരാ എന്ന് മാത്രമല്ല, മനുഷ്യൻ ജീവിച്ചിട്ട് മതി പട്ടി ജീവിക്കുന്നത്. പട്ടി എന്ന ജീവി തന്നെ മനുഷ്യൻ ഉള്ളതുകൊണ്ട് പരിണമിച്ചുണ്ടായതാണ് എന്നതും ഓർക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button