തൊടുപുഴ: അജ്മൽ ബിസ്മി ഷോറൂമിൽ നിന്ന് മൊബൈൽ ഫോണുകളും അനുബന്ധ സാമഗ്രികളും ഉൾപ്പെടെ 25 ലക്ഷത്തോളം രൂപയുടെ മോഷണം നടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. കടയിലെ ജീവനക്കാരനായ കോട്ടയം പെരുവ കാരിക്കോട് സ്വദേശി കടുവമാക്കൽ കെ.എസ്. ശ്രീജിത്ത് (26), ഇലക്ട്രോണിക്സ് വിഭാഗം മാനേജർ എറണാകുളം പള്ളുരുത്തി സ്വദേശി അംജത് (37) എന്നിവരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
കടയിൽ സ്റ്റോക്കിൽ വലിയ കുറവു കണ്ടെത്തിയതിനെത്തുടർന്നാണ് അധികൃതർ പൊലീസിൽ പരാതി നൽകിയത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ ശ്രീജിത്തിനെ എസ്ഐ ബൈജു പി. ബാബുവിന്റെ നേതൃത്വത്തിൽ മോനിപ്പള്ളിയിലെ വാടകവീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. തുടർന്ന്, മാനേജർക്കും സംഭവത്തിൽ പങ്കുണ്ടെന്നു കണ്ടെത്തി അംജത്തിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവർ രണ്ടു പേരും ചേർന്നാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
കടയിൽ വിൽപ്പനയ്ക്കു വച്ചിരിക്കുന്ന വിലകൂടിയ ഫോണുകളും മറ്റും ഓർഡർ പ്രകാരം മറ്റു കടകളിൽ എത്തിച്ചു കൊടുക്കാൻ എന്ന പേരിലാണ് ശ്രീജിത്ത് കടത്തിയിരുന്നത്. പിന്നീട് ഓർഡർ റദ്ദാക്കിയെന്നും പറഞ്ഞ് ഫോണുകളും മറ്റും മാറ്റിയ ശേഷം ഇതിന്റെ കവർ മാത്രം തിരികെ കടയിൽ എത്തിക്കുകയും ഇവ തിരികെ കിട്ടിയതായി മാനേജർ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നതായിരുന്നു ഇവരുടെ മോഷണ രീതി.
ഇവർ ഇത്തരത്തിൽ കടത്തി കൊണ്ടു പോയ രണ്ട് ഫോണുകൾ പൊലീസ് കണ്ടെടുത്തു. മറ്റ് ഫോണുകളും മറ്റും വിൽപ്പന നടത്തിയത് കണ്ടെത്താൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments