ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാന് ജയം. അഞ്ച് വിക്കറ്റിനാണ് പാകിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് നേടി. 44 പന്തില്‍ 60 റണ്‍സെടുത്ത വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 71 റണ്‍സ് നേടിയ മുഹമ്മദ് റിസ്‌വാനാണ് പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്.
തുടക്കത്തില്‍ ബാബര്‍ അസമിനെയും (14) ഫഖര്‍ സമാനെയും (15) പാകിസ്ഥാന് നഷ്ടമായി. എന്നാൽ, റിസ്‌വാന്‍ മുഹമ്മദ് നവാസിനെ കൂട്ടുപിടിച്ച് പാക് ഇന്നിംഗ്‌സിന് വേഗം കൂടി. ഇരുവരും 73 റണ്‍സ് കൂട്ടിച്ചേർത്തു. രണ്ട് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു നവാസിന്റെ ഇന്നിംഗ്‌സ്. ഭുവനേശ്വര്‍ കുമാറിനെ അതിര്‍ത്തി കടത്താനുള്ള ശ്രമത്തില്‍ നവാസ് കൂടാരം കയറി.
റിസ്‌വാന്‍, ഹര്‍ദ്ദിക്കിന്റെ പന്തില്‍ മടങ്ങിയതോടെ പാകിസ്ഥാന്‍ പ്രതിരോധത്തിലായി. 51 പന്തിലാണ് റിസ്‌വാന്‍ 71 റണ്‍സ് നേടിയത്. ആറ് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു റിസ്‌വാന്റെ ഇന്നിംഗ്‌സ്. നേരത്തെ, കെ എല്‍ രാഹുല്‍ (28), രോഹിത് ശര്‍മ (28) എന്നിവര്‍ നല്‍കിയ തുടക്കം കോഹ്ലി മുതലാക്കുകയായിരുന്നു. മധ്യനിരയില്‍ കോഹ്ലി ഒഴികെ മറ്റാര്‍ക്കും തിളങ്ങാനായില്ല. ഷദാബ് ഖാന്‍ പാകിസ്ഥാനായി രണ്ട് വിക്കറ്റ് വീഴ്ത്തി.
Read Also:- ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രണ വിധേയമാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
മോശം ഫോമിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുന്ന രോഹിത്- രാഹുല്‍ സഖ്യം മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 54 റണ്‍സ് കൂട്ടിച്ചേർത്തു. എന്നാല്‍, ഹാരിസ് റൗഫ് പാകിസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. രോഹിത്തിന് ഖുഷ്ദില്ലിന്റെ കൈകളിലെത്തിച്ചു. പിന്നാലെ രാഹുലും മടങ്ങി. ഷദാബ് ഖാനായിരുന്നു വിക്കറ്റ്. മൂന്നാമനായി ക്രീസിലെത്തിയ വിരാട് കോഹ്ലി ഒരു ഭാഗത്ത് ഉറച്ച് നിന്നെങ്കിലും പിന്തുണ നല്‍കാന്‍ മധ്യനിരയ്ക്ക് സാധിച്ചില്ല.
Post Your Comments