ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെറ്റിദ്ധരിച്ചതായി തുറന്നു പറഞ്ഞ് മുൻ കേന്ദ്രമന്ത്രി ഗുലാം നബി ആസാദ്. മോദി പരുക്കനായ മനുഷ്യനാണെന്നായിരുന്നു താൻ കരുതിയിരുന്നതെന്നും, എന്നാൽ മനുഷ്യത്വവും കരുണയും തന്റെ പ്രവൃത്തികളിലൂടെ അദ്ദേഹം തെളിയിച്ചുവെന്നും ഗുലാം നബി പറഞ്ഞു. ആസാദിന്റെ രാജ്യസഭാ കാലാവധി കഴിഞ്ഞ വർഷം അവസാനിച്ചപ്പോൾ വിടവാങ്ങൽ പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിൽ വിതുമ്പിയിരുന്നു. ഇതിനോടായിരുന്നു ഗുലാം നബിയുടെ പ്രതികരണം.
‘അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഉള്ളടക്കം വായിക്കുക. ഞാൻ സഭയിൽ നിന്ന് ഇറങ്ങിപോകുന്നതിലുള്ള ദുഃഖത്തെ കുറിച്ചല്ല പ്രധാനമന്ത്രി മോദി സംസാരിച്ചത്. ഒരു സംഭവത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ഞാൻ അവിടെ മുഖ്യമന്ത്രിയായിരിക്കെ (2006ൽ) കശ്മീരിൽ ഗ്രനേഡ് ആക്രമണത്തിൽ ഗുജറാത്തിൽ നിന്നുള്ള ചില വിനോദസഞ്ചാരികൾ മരിച്ചിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി സാഹിബ് എന്റെ ഓഫീസിലേക്ക് വിളിച്ചു. പക്ഷേ, എന്ത് ക്രൂരതയാണ് നടന്നതെന്നോർത്ത് ഞാൻ ശ്വാസം മുട്ടിയിരിക്കുകയായിരുന്നു. എനിക്ക് അദ്ദേഹത്തോട് സംസാരിക്കാൻ കഴിഞ്ഞില്ല. എന്റെ ജീവനക്കാർ ഫോൺ എന്റെ അടുത്തേക്ക് കൊണ്ടുവന്നപ്പോൾ ഞാൻ കരയുന്നത് ഫോണിന്റെ മറുവശത്തുണ്ടായിരുന്ന അദ്ദേഹം കേട്ടു.
#WATCH | “I thought PM Modi to be a crude man but he showed humanity,” says Ghulam Nabi Azad pic.twitter.com/LhVHopvdhe
— ANI (@ANI) August 29, 2022
മോദി തുടർന്നും എന്റെ ഓഫീസിലേക്ക് വിളിച്ചുകൊണ്ടിരുന്നു. പിന്നീട്, മൃതദേഹങ്ങളും പരിക്കേറ്റവരുമായി രണ്ട് വിമാനങ്ങൾ ഇറങ്ങുന്നത് കണ്ടപ്പോൾ, ഇരകളുടെ കുടുംബങ്ങൾ സങ്കടത്തിൽ അലറുന്നത് കണ്ട് ഞാനും കരയാൻ തുടങ്ങി. അത് ടി.വിയിലും വന്നു. അദ്ദേഹം വീണ്ടും വിളിച്ചു. പക്ഷേ, എനിക്ക് അപ്പോഴും സംസാരിക്കാൻ കഴിഞ്ഞില്ല. മോദി സാഹിബ് ഒരു മര്യാദയില്ലാത്ത മനുഷ്യനായിരിക്കുമെന്ന് ആയിരുന്നു അതുവരെ ഞാൻ കരുതിയിരുന്നത്. അദ്ദേഹത്തിന് ഭാര്യയോ കുട്ടികളോ ഇല്ലാത്തതിനാൽ അദ്ദേഹം അത് കാര്യമാക്കില്ലെന്ന് ഞാൻ കരുതി. പക്ഷേ, കുറഞ്ഞത്, അദ്ദേഹം മനുഷ്യത്വം കാണിച്ചു’, ഗുലാം നബി ആസാദ് പറഞ്ഞു.
2006 മെയ് 25 ന് ശ്രീനഗറിൽ നടന്ന ആക്രമണത്തിൽ നാല് വിനോദസഞ്ചാരികൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തെ ചൂണ്ടിക്കാട്ടിയായിരുന്നു മോദി പാർലമെന്റിൽ അന്ന് സംസാരിച്ചത്. അഞ്ച് പതിറ്റാണ്ട് നീണ്ട കൂട്ടുകെട്ടിന് ശേഷം പാർട്ടി വിട്ടത് മുതൽ, പാർട്ടി നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഗുരുതരമായ ആരോപണങ്ങളായിരുന്നു ആസാദ് ഉന്നയിച്ചിരുന്നത്. ഇതിനിടെ നരേന്ദ്ര മോദിയെ പ്രകീർത്തിച്ചുകൊണ്ടും അദ്ദേഹം രംഗത്തെത്തിയത്. ഇത് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കം കുറിച്ചു.
Post Your Comments