ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ യുനെസ്‌കോയുടെ മാനവികതയുടെ പൈതൃക പട്ടികയില്‍ ഇടം പിടിച്ചതിന്റെ അംഗീകാരപത്രം യുനെസ്‌കോ അധികൃതര്‍ രാജ്യ തലസ്ഥാനത്ത് സമര്‍പ്പിച്ചു. യുനെസ്‌കോയുടെ കണ്‍വെന്‍ഷന്‍ സെക്രട്ടറി ടിം കര്‍ട്ടിസ്, ന്യൂഡല്‍ഹിയിലെ യുനെസ്‌കോ ഓഫീസിന്റെ ഡയറക്ടറും പ്രതിനിധിയുമായ എറിക് ഫാള്‍ട്ട് എന്നിവര്‍ നാഷണല്‍ മ്യൂസിയത്തില്‍ നടന്ന ചടങ്ങിലാണ് അംഗീകാരപത്രിക സമര്‍പ്പിച്ചത്. ഇതോടെ യുനെസ്‌കോയുടെ പട്ടികയില്‍ ഇടം പിടിക്കുന്ന ഇന്ത്യയിലെ 14-ാമത്തെ പൈതൃകമാണ് ദുര്‍ഗാ പൂജ.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെയും വ്യക്തികളെയും സ്ത്രീകളെയും പങ്കാളികളാക്കുന്ന ദുര്‍ഗാ പൂജയെ യുനെസ്‌കോയുടെ കമ്മിറ്റി അഭിനന്ദിച്ചു. ഇന്ത്യയിലെ പോലെ അഭിമാനകരമായ പാരമ്പര്യങ്ങള്‍ ലോകത്ത് മറ്റൊരിടത്തും ഇല്ലെന്ന് ഫാള്‍ട്ട് പറഞ്ഞു.
ഇതു വരെ 14 പദവികളാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. യോഗ, വേദമന്ത്രണം, ലഡാക്കിലെ ബുദ്ധമന്ത്രണം, ചൗ നൃത്തം, രാംലീല, നവ്‌റോസ്, കുംഭമേള എന്നിവയും നേരത്തെ യുനെസ്‌കോയുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഗുജറാത്തിലെ ഗര്‍ബയും ഐസിഎച്ച് പദവി ലഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2021 ഡിസംബറിലാണ് ദുര്‍ഗാ പൂജ യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടം പിടിച്ചത്.
Post Your Comments