ഹൈദരാബാദ്: കോൺഗ്രസ് ദേശീയ തലത്തിൽ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി. ഗുലാം നബി ആസാദ് പാർട്ടി വിട്ടതിന് പിന്നാലെ പാർട്ടിയിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. മുൻ രാജ്യസഭാംഗവും തെലുങ്കാനയിൽ നിന്നുള്ള നേതാവുമായ എംഎ ഖാനും പാർട്ടി വിട്ടു. കോൺഗ്രസ് ദേശീയ നേതൃത്വത്തിന് അദ്ദേഹം രാജികത്ത് നൽകി. കോൺഗ്രസിന് പഴയ പ്രതാപം തിരിച്ചെടുക്കാനാകില്ലെന്നാണ് തെലങ്കാനയിൽ നിന്നുള്ള കോൺഗ്രസ് നേതാവായ എംഎ ഖാൻ നേതൃത്വത്തിന് നൽകിയ കത്തിൽ പറയുന്നത്.
കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം രാഹുൽ ഗാന്ധിയാണെന്നും അദ്ദേഹത്തിന് രാജ്യത്തെ മുന്നോട്ട് നയിക്കാൻ കഴിയില്ലെന്ന് പൊതുജനങ്ങൾക്ക് ബോധ്യപ്പെട്ടതായും കത്തിൽ കുറ്റപ്പെടുത്തുന്നു. രാഹുൽ ഗാന്ധി ഉപാധ്യക്ഷനായത് മുതലാണ് പാർട്ടി പരാജയമായത്. മുതിർന്ന പ്രവർത്തകരോട് എങ്ങനെ പെരുമാറണമെന്ന് രാഹുലിന് അറിയില്ലെന്ന് എംഎ ഖാൻ ആരോപിക്കുന്നു.
ജി 23 നേതാക്കളുടെ നിർദ്ദേശങ്ങളെ വിമത സ്വരമായാണ് കോൺഗ്രസ് നേതൃത്വം കണ്ടത്. അവർ മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ ഉൾകൊള്ളാൻ അവർക്ക് കഴിഞ്ഞില്ല. അവരെ വിശ്വസിച്ചിരുന്നെങ്കിൽ ഈ സ്ഥിതി വരില്ലായിരുന്നു. 40 വർഷത്തോളം താൻ കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാർത്ഥിയായിരിക്കെ മുതൽ കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചിരുന്നതായി ഖാൻ കൂട്ടിചേർത്തു.
മുതിർന്ന നേതാക്കൾ രാജി വെയ്ക്കാൻ നിർബന്ധിതരാവുകയാണ്. അടിത്തറ ശക്തമാക്കാൻ ഒരുവിധ നടപടിയും കോൺഗ്രസ് നേതൃത്വത്തിൻറെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും നയിച്ച അതേ ആർജവത്തോടെ പ്രവർത്തിക്കാൻ രാഹുലോ കൂട്ടരോ ശ്രമിക്കുന്നില്ല. ഈ കാരണങ്ങളാലാണ് രാജിവെക്കുന്നത് -എംഎ ഖാൻ പറഞ്ഞു.
അതേസമയം ഈ വർഷം ഏഴ് മുതിർന്ന നേതാക്കളാണ് കോൺഗ്രസിൽ നിന്ന് പുറത്ത് പോയത്. കഴിഞ്ഞ ദിവസമാണ് ഗുലാം നബി ആസാദ് രാജി വെച്ചത്. ഭാരത് ജോഡോ യാത്രയ്ക്ക് മുന്നോടിയായാണ് ഗുലാം നബിയുടെ രാജി. സെപ്തംബർ 7 മുതലാണ് യാത്ര ആരംഭിക്കുന്നത്. 148 ദിവസം ദൈർഘ്യമുള്ള യാത്ര നയിക്കുന്നത് രാഹുൽ ഗാന്ധിയാണ്.
Post Your Comments