വാഴക്കുളം: വാഴക്കുളം പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ ക്വാർട്ടേഴ്സിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പുത്തൻകുരിശ് പണിക്കരുപടി തഴുതറയ്ക്കൽ പരേതനായ രഘുനന്ദന മേനോന്റെ മകൻ രാജേഷ് കെ. മേനോനെ(48)യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെയാണ് സംഭവം. ഔദ്യോഗിക കൃത്യനിർവഹണവുമായി ബന്ധപ്പെട്ട് തൃശൂർ കുന്ദംകുളം കോടതിയിൽ ഇന്നലെ ഇദ്ദേഹത്തിനു ഹാജരാകണമായിരുന്നു. അവിടേക്ക് പോയതായിരിക്കുമെന്നാണ് സഹപ്രവർത്തകർ കരുതിയിരുന്നത്. എന്നാൽ, കുന്ദംകുളത്തു നിന്ന് ഫോണിൽ വിളിച്ചെങ്കിലും ബന്ധപ്പെടാൻ കഴിഞ്ഞില്ല. വിവരം വാഴക്കുളം സ്റ്റേഷനിൽ അറിയിച്ചു. തുടർന്ന്, ഇവിടെ നിന്ന് വിളിച്ചപ്പോഴും ഫോണ് എടുക്കാതെ വന്നതോടെ സഹപ്രവർത്തകർ ക്വാർട്ടേഴ്സിൽ അന്വേഷിച്ചെത്തുകയും രാജേഷിനെ മരിച്ചനിലയിൽ കണ്ടെത്തുകയുമായിരുന്നു.
പോസ്റ്റ്മോർട്ടത്തിനും പൊതുദർശനത്തിനും ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: രമ്യ രവീന്ദ്രൻ. മക്കൾ: മേഘ്ന, മിഥുന, വിസ്മയ.
Post Your Comments