തൃശ്ശൂർ: കെ റെയിലിൽ സർക്കാരിന് വീഴ്ചയുണ്ടായെന്ന വിമർശനവുമായി സിപിഐ. തൃശ്ശൂർ ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വീഴ്ച കോൺഗ്രസും ബിജെപിയും രാഷ്ട്രീയമായി മുതലെടുത്തുവെന്ന് സിപിഐ തൃശ്ശൂർ ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
പാരിസ്ഥിതിക ആഘാതവും സാമൂഹിക ആഘാതവും സംബന്ധിച്ച് ജനങ്ങൾക്ക് ഇടയിൽ സംശയങ്ങൾ ഉണ്ടായി. മഞ്ഞക്കുറ്റി കുഴിച്ചിടാൻ ഉദ്യോഗസ്ഥർ കാണിച്ച അനാവശ്യ തിടുക്കം എരിതീയിൽ എണ്ണ ഒഴിച്ചു. ജനങ്ങളെ വിശ്വാസത്തിലെടുക്കണമെന്ന കാഴ്ചപ്പാടിന് പകരം പദ്ധതി അടിച്ചേൽപ്പിക്കാനുള്ള നീക്കം ഭരണ നേതൃത്വം സ്വീകരിച്ചെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രനുമടക്കമുള്ള നേതാക്കളെയും സിപിഐ തൃശൂർ ജില്ലാ സമ്മേളനം രൂക്ഷമായി വിമർശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണ നൽകുന്ന തരത്തിൽ സിപിഐ മന്ത്രിമാർ പോലും പ്രവർത്തിക്കുന്നത് പാർട്ടിക്ക് നാണക്കേടാണെന്നും ജില്ലാ സമ്മേളനത്തിൽ അഭിപ്രായമുണ്ടായി. ഇടതുമുന്നണിയെ ശക്തമാക്കുന്നതിൽ വിട്ടുവീഴ്ചയില്ലെങ്കിലും സ്വന്തം പാർട്ടിയെ ചെറുതാക്കി കാണുന്നത് ശരിയല്ലെന്നും മണ്ഡലം കമ്മിറ്റിയംഗങ്ങൾ അഭിപ്രായപ്പെട്ടു. ഒരു മുന്നണി സർക്കാരിനെ നയിക്കാനുള്ള പക്വത ഇപ്പോഴും സിപിഎം ആർജിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
Read Also: സ്വത്ത് തട്ടിയെടുക്കാന്‍ അമ്മയെ മകള്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്
Post Your Comments