
തിരുവനന്തപുരം: ഗവര്‍ണറുടെ ആരോപണം തള്ളി ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. താന്‍ ആരേയും ആക്രമിച്ചിട്ടില്ലന്ന് അദ്ദേഹം വ്യക്തമാക്കി. താന്‍ മറ്റുള്ളവരുടെ വികാരം നോക്കുന്ന വിദ്യാര്‍ത്ഥിയല്ലെന്നും ഗവര്‍ണര്‍ എന്ത് കൊണ്ടാണ് ഈ വിഷയം ഇപ്പോള്‍ ഉന്നയിക്കുന്നത് എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു
‘അബ്ദുള്‍ കലാം ആസാദിനെ തെറ്റായി ഉദ്ധരിച്ചത് താന്‍ ചോദ്യം ചെയ്യുകയാണ് ഉണ്ടായത്. ശാരീരികമായി ആക്രമിക്കാന്‍ ശ്രമിച്ചു എന്നത് നുണയാണ്. തന്റെയും ഗവര്‍ണറുടേയും ശരീരവും ആരോഗ്യസ്ഥിതിയും കണ്ടാല്‍ അത് ബോധ്യമാകും’, അദ്ദേഹം പറഞ്ഞു.
ഇന്ന് ഡല്‍ഹിയില്‍ വി.സിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ഗവര്‍ണര്‍ വി.സി ക്രിമിനലാണെന്നും തന്നെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചിരുന്നു. 2019 ല്‍ ചരിത്ര കോണ്‍ഗ്രസ് പരിപാടിയില്‍ തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമമുണ്ടായത് വി.സിയുടെ അറിവോടെയാണെന്നും, തന്നെ കായികമായി കയ്യേറ്റം ചെയ്യാന്‍ വി.സി ഒത്താശ ചെയ്തെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു.
മാന്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചാണ് വൈസ് ചാന്‍സലറുടെ പ്രവര്‍ത്തനമെന്നും ഗവര്‍ണര്‍ പറഞ്ഞു. രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് വി സി സ്ഥാനത്ത് അദ്ദേഹമിരിക്കുന്നത്. വിസിക്കെതിരെ നിയമത്തിന്റെ വഴിയേ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. വി സി കണ്ണൂര്‍ സര്‍വകലാശാലയെ നശിപ്പിക്കുകയാണ് എന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
സംസ്ഥാന സര്‍ക്കാര്‍ഗവര്‍ണര്‍ പോരിനിടെ സംസ്ഥാനത്തെ കഴിഞ്ഞ മൂന്ന് നാല് വര്‍ഷത്തെ സര്‍വ്വകലാശാലകളിലെ നിയമനങ്ങള്‍ പരിശോധിക്കുമെന്ന് രാജ്ഭവന്‍ വ്യക്തമാക്കി. ചട്ടവിരുദ്ധ നിയമനങ്ങളില്‍ ഗവര്‍ണര്‍ക്ക് ലഭിച്ച നിരവധി പരാതികളുണ്ട്. ഇവ ഓരോന്നും അന്വേഷണ പരിധിയില്‍ വരും.
ഗവര്‍ണര്‍ തിരിച്ചെത്തിയാലുടന്‍ പ്രത്യേക സമിതി രൂപീകരിക്കുമെന്നും രാജ്ഭവന്‍ വ്യക്തമാക്കി. ഇതിലൂടെ ചാന്‍സിലറെന്ന നിലയില്‍ തന്റെ അതൃപ്തി വ്യക്തമാക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
സമിതി അദ്ധ്യക്ഷന്‍, അംഗങ്ങള്‍ എന്നിവരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. വിരമിച്ച ജഡ്ജി, വിരമിച്ച ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ ഭാവനാവിലാസങ്ങളാണ്. നിയമസഭ പാസാക്കുന്ന നിയമങ്ങളെ മുന്‍വിധിയോടെ സമീപിക്കില്ല. നിയമങ്ങള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും രാജ്ഭവന്‍ വ്യക്തമാക്കി.
Post Your Comments