കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ നാല് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുൽ ഗാന്ധി എം.പിയുടെ കൽപ്പറ്റ ഓഫീസിലെ പേഴ്സണൽ അസിസ്റ്റ് രതീഷ് കുമാർ, ഓഫീസ് സ്റ്റാഫ് രാഹുൽ എസ്ആർ, കോൺഗ്രസ് പ്രവർത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് നോട്ടീസ് നൽകിയശേഷം ഒളിവിൽപോയ കോൺഗ്രസ് പ്രവർത്തകർ ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 427, 153 വകുപ്പുകൾ പ്രകാരമാണ് ഇവർ നാല് പേർക്കുമെതിരെ കേസെടുത്തത്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ഇവ. നാല് പേരെയും ഇന്ന് തന്നെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുമെന്നാണ് വിവരം. പിടിയിലായ കെ എ മുജീബ് കോൺഗ്രസ് അനുകൂല സർക്കാർ ജീവനക്കാരുടെ സംഘടനയായ എൻ ജി ഒ അസോസിയേഷൻ ജില്ലാ സെക്രട്ടറിയാണ്.
ബഫർസോൺ വിഷയത്തിൽ എസ്.എഫ്.ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിന്റെ മറവിലാണ് കോൺഗ്രസുകാർ ഗാന്ധി ചിത്രം തകർത്തത്. കുറ്റം എസ്.ഫ്.ഐക്ക് മേൽ ആരോപിക്കുകയും ചെയ്‌തു. എന്നാൽ, വിദ്യാർത്ഥി മാർച്ചിനുശേഷവും ഗാന്ധി ചിത്രം ഓഫീസിലെ ചുമരിലുണ്ടായിരുന്നത് പുറത്തുവന്നതോടെയാണ് കോൺഗ്രസിന്റെ നാടകം പൊളിഞ്ഞത്. പൊലീസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയുമായിരുന്നു ഇതിനുള്ള പ്രധാന തെളിവ്.
Post Your Comments