ഹൈദരാബാദ്: ടിആര്‍എസ് നേതാവ് തമ്മിനേനി കൃഷ്ണയ്യ കൊല്ലപ്പെട്ട സംഭവത്തില്‍ എട്ട് പേര് അറസ്റ്റില്‍. കമ്മം ജില്ലയിലെ തെല്ദാരുപ്പള്ളിയിലാണ് സംഭവം നടന്നത്. സ്വാതന്ത്ര്യ ദിനാഘോഷം കഴിഞ്ഞ് മടങ്ങവേയാണ് കൃഷ്ണയ്യ കൊല്ലപ്പെട്ടത്. സിപിഎം സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രത്തിന്റെ ബന്ധുവായ കൃഷ്ണയ്യ ഈയടുത്ത കാലത്താണ് സിപിഎം വിട്ട് ടിആര്‍എസില്‍ ചേര്‍ന്നത്. തെല്ദാരുപ്പള്ളി അഞ്ച് ദശാബ്ദമായി സിപിഎം ശക്തി കേന്ദ്രമാണ്.
കമ്മം റൂറല്‍ മണ്ഡലിലെ പൊന്നേക്കല് റൈതു വേദികയില്‍ ദേശീയ പതാക ഉയര്‍ത്തിയതിന് ശേഷം മടങ്ങുകയായിരുന്നു കൃഷ്ണയ്യ. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കൃഷ്ണയ്യയെ തെല്ദാരുപ്പള്ളിയിലെ മദുലാപ്പിള്ളിയിലെ ഹൗസ് കോളനിയ്ക്ക് സമീപം വെച്ച് ആയുധധാരികള്‍ ആക്രമിക്കുകയായിരുന്നു. കൃഷ്ണയ്യ കൊല്ലപ്പെടുകയും ബൈക്ക് ഓടിച്ചിരുന്ന സഹായി പരിക്കുകളോടെ രക്ഷപ്പെടുകയുമായിരുന്നു. അക്രമികള്‍ കൃഷ്ണയ്യയുടെ രണ്ട് കൈപ്പത്തികളും വെട്ടിയെടുത്തിരുന്നു.
സിപിഎം തെലങ്കാന സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രത്തിന്റെ സഹോദരന് കോടേശ്വര്‍ റാവു, റംസാന് ഷെയ്ഖ്, കൃഷ്ണ ജക്കാംപുഡി, കൃഷ്ണസ്വാമി ഗജ്ജി, ലിംഗയ്യ നുകാല, നാഗേശ്വര റാവു ബന്ധ, ശ്രീനു ബൊട്ടാപട്ല, യെല്ലംപള്ളി നാഗയ്യ എന്നിവരാണ് അറസ്റ്റിലായത്. ഇവരെല്ലാം സിപിഎം പ്രവര്‍ത്തകരാണെന്ന് എഫ്ഐആറില്‍ പറയുന്നുണ്ട്. കൃഷ്ണയ്യയുടെ രാഷ്ട്രീയ വളര്‍ച്ചയോടുള്ള അസഹിഷ്ണുതയാണ് കൊലപാതകത്തിന് കാരണമെന്നും എഫ്ഐആറിലുണ്ട്. 4-5 വര്‍ഷം മുമ്പ് കൃഷ്ണയ്യയുടെ മകനും കുടുംബവും ടിആര്‍എസില്‍ ചേര്‍ന്നിരുന്നു. അതിന് ശേഷം അദ്ദേഹം പാര്‍ട്ടി വിട്ടു.
അദ്ദേഹത്തിന് സ്വന്തം അനുയായികളുണ്ടായിരുന്നു. സര്‍പഞ്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കൃഷ്ണയ്യ പത്രിക നല്‍കിയതോടെ ആണ് പ്രശ്നങ്ങളുടെ തുടക്കം. സാധാരണ ഈ സീറ്റിലേക്ക് സിപിഎം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടലാണ് പതിവ്. ആ പതിവിനെ കൃഷ്ണയ്യ ചോദ്യം ചെയ്തു. വീരഭദ്രവും സഹോദരന് കോടേശ്വറും ചേര്‍ന്ന് കൃഷ്ണയ്യയെ മത്സരിപ്പിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു.
പക്ഷെ മണ്ഡല് പരിഷദ് ടെറിറ്റോറിയല്‍ കോൺസ്റ്റിട്യുയൻസി തെരഞ്ഞെടുപ്പില്‍ കൃഷ്ണയ്യ തന്റെ ഭാര്യ മംഗതായമ്മയെ മത്സരിപ്പിച്ചു. വ്യക്തമായ ഭൂരിപക്ഷത്തോടെ മംഗതായമ്മ വിജയിക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. രാഷ്ട്രീയ തീരുമാനത്തോടെയുള്ള കൊലപാതകമാണ് തന്റെ ഭര്‍ത്താവിന്റേതെന്ന് കൃഷ്ണയ്യയുടെ ഭാര്യ മംഗതായമ്മ പറഞ്ഞു. തന്റെ ഭര്‍ത്താവിനെ സര്‍പഞ്ച്, എംപിടിസി തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചതിനെ ചൊല്ലി കോടേശ്വര്‍ മുന്‍പ് പല തവണ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും മംഗതായമ്മ പറഞ്ഞു.
Post Your Comments