മലപ്പുറം: കശ്മീര്‍ പരാമര്‍ശത്തിന് പിന്നാലെ കെ.ടി.ജലീലിന്‍റെ ഓഫീസില്‍ കരിഓയില്‍ ഒഴിച്ച് പ്രതിഷേധം. ഇടപ്പാളിലെ എംഎല്‍എ ഓഫീസിനു മുന്നിലാണ് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. അതേസമയം, നാളെ കെടി ജലീലിന്റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുകയാണ് ബിജെപിയും അനുബന്ധ സംഘടനകളും.
ബിജെപി പ്രസ്താവനയുടെ പൂർണ്ണ രൂപം:
പാക് അധിനിവേശ കാശ്മീരിനെ ‘ആസാദ് കാശ്മീർ ‘ എന്ന പാക് നിലപാട് അംഗീകരിക്കുന്ന പരാമർശം നടത്തിയ കെ.ടി.ജലീലിനെ എംഎൽഎ സ്ഥാനത്തു നിന്ന് പുറത്താക്കുക, രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 16- 8- 22 ചൊവ്വ 10.Am കെ ടി ജലീലിൻ്റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നു. ഈ മാർച്ചിൽ പങ്കെടുക്കാൻ എല്ലാ ജനാധിപത്യ ദേശ സ്നേഹികളെയും വളാഞ്ചേരിയിലേക്ക് സ്വാഗതം ചെയ്യുന്നു.
അതേസമയം, ആസാദ് കശ്മീരെന്ന പരാമർശത്തിലെ ആസാദ് ഇൻവെർട്ടഡ് കോമയിലായിട്ടും അർത്ഥം മനസ്സിലാകാത്തവരോട് സഹതാപം എന്ന് പ്രതികരിച്ച കെടി ജലീൽ പിന്നീട് മലക്കം മറിയുകയായിരുന്നു. തനിക്ക് പിഴവ് പറ്റിയെന്ന് തുറന്ന് പറയാതെ പോസ്റ്റ് ദുർവ്യാഖ്യാനം ചെയ്തെന്നും നാടിന്റെ നന്മയ്ക്കായി അത് പിൻവലിക്കുന്നു എന്നുമാണ് ജലീൽ അറിയിച്ചത്. വിവാദമായ പോസ്റ്റിലെ കശ്മീരിനെക്കുറിച്ചുള്ള പരാമർശങ്ങൾ നീക്കി 1947ൽ പൂർണ്ണമായി ഇന്ത്യയോട് ലയിച്ചു എന്നും തിരുത്തി.
സിപിഎം നേതൃത്വത്തിന്റെ കർശന നിർദ്ദേശത്തെ തുടർന്നാണ് കെടി ജലീലിന്റെ പിൻവാങ്ങൽ. അടിക്കടി ജലീൽ പാർട്ടിക്കും സർക്കാരിനും തലവേദനയുണ്ടാക്കുന്നു എന്നാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ വിലയിരുത്തൽ. സിപിഎം നേതൃത്വം ജലീലിനോട് തിരുത്താൻ ആവശ്യപ്പെടുന്നതിന് മുൻപ് തന്നെ മന്ത്രിമാരായ എംവി ഗോവിന്ദനും പി രാജീവും എതിർപ്പ് വ്യക്തമാക്കിയിരുന്നു.
Post Your Comments