KeralaLatest News

അടിയന്തിരാവസ്ഥയുടെ നെറികേടുകൾ ഓർമ്മിപ്പിച്ച് കെ.എസ്.യുവിന് മറുപടിയുമായി മഹാരാജാസിൽ വീണ്ടും എസ്.എഫ്.ഐ

എറണാക്കുളം: എസ്.എഫ്.ഐയെ നിരോധിക്കണമെന്ന ഹൈബി ഈഡൻ എം.പിയുടെ പരമാർശത്തിൽ പ്രതിഷേധിച്ച് മഹാരാജാസിൽ ബാനർ പ്രതിഷേധം തുടരുന്നു. ‘ഇന്ദിരക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്’ എന്ന മുദ്രാവാക്യവുമായി എസ്.എഫ്.ഐ ഉയര്‍ത്തിയ ബാനറാണ് മഹാരാജാസ് കോളേജിന് മുമ്പില്‍ ആദ്യം ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഇതിന് പിന്നാലെയാണ് മറുപടി പോസ്റ്ററുമായി കെ.എസ്.യു രംഗത്തെത്തുന്നതും അതിന് മറുപടിയായി വീണ്ടും എസ്.എഫ്.ഐ വരുന്നതും.

ഭീകര സംഘടനകളിൽ ഉൾപ്പെടുത്തി എസ്എഫ്ഐയെ നിരോധിക്കണമെന്ന പാർലമെന്റിലെ ഹൈബി ഈഡന്‍റെ പരാമര്‍ശത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വിവിധ ക്യാമ്പസുകളില്‍ പ്രതിഷേധിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് എം.ജി യൂണിവേഴ്സ്റ്റിറ്റിക്ക് കീഴിലെ കോളേജും എസ്.എഫ്.ഐയുടെ ശക്തികേന്ദ്രവുമായ എറണാകുളം മഹാരാജാസില്‍ ഹൈബി ഈഡനും ഇന്ദിര ഗാന്ധിക്കുമെതിരെ ബാനര്‍ ഉയര്‍ന്നത്. ‘ഇന്ദിരക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്’ എന്നായിരുന്നു എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ക്യാമ്പസിന് മുന്നില്‍ ബാനര്‍ ഉയര്‍ത്തിയത്.

വളരെ പെട്ടെന്നുതന്നെ ഈ ബാനര്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും ചെയ്തു. എസ്.എഫ്.ഐയുടെ പ്രതിഷേധ മുദ്രാവാക്യത്തിന് മറുപടിയായി ക്യാമ്പസിലെ കെ.എസ്.യു രംഗത്തുവന്നു. എസ്.എഫ്.ഐ ഉയര്‍ത്തിയ ബാനറിന് മുകളില്‍ കെ.എസ്.യു തങ്ങളുടെ മറുപടി ബാനര്‍ ഉയര്‍ത്തി. ‘ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനും’ എന്നായിരുന്നു കെ.എസ്.യുവിന്‍റെ മറുപടി മുദ്രാവാക്യം. എസ്.എഫ്.ഐയുടെ പ്രതിഷേധത്തിന് മറുപടി കൊടുത്ത് കൊണ്ട് കെ.എസ്.യു ഉയര്‍ത്തിയ ബാനറും സമൂഹമാധ്യമങ്ങളില്‍‌ ശ്രദ്ധ പിടിച്ചുപറ്റി.

എന്നാൽ ഇത്തവണ, കെ.എസ്.യുവിന്‍റെ മറുപടിക്ക് വീണ്ടും എസ്.എഫ്.ഐ വീണ്ടും അതേ നാണയത്തില്‍ തിരിച്ചടിച്ചു. ഇത്തവണ ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ രാജ്യത്ത് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ പരാമര്‍ശിച്ചായിരുന്നു എസ്.എഫ്.ഐ വിമര്‍ശനം. കെ.എസ്.യുവിന്‍റെ ബാനറിന് മുകളില്‍ ഒരുപടികൂടി ഉയര്‍ത്തിക്കെട്ടി എസ്.എഫ്.ഐ ഇങ്ങനെ കുറിച്ചു. ‘അതെ, ജനഹൃദയങ്ങളിലുണ്ട്, അടിയന്തരാവസ്ഥയുടെ നെറികേടുകളിലൂടെ…’ . എന്നാൽ ഇതിന്റെ മറുപടിയായി കെഎസ്‌യു പുതിയ ബാനർ കെട്ടുമോ എന്നാണ് വിദ്യാർഥികൾ ഉറ്റുനോക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button