ഡൽഹി: ഡൽഹിയിൽ അഞ്ചാമത്തെ മങ്കിപോക്സ് കേസ് റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച 22 കാരിയായ ആഫ്രിക്കൻ യുവതിക്ക് അണുബാധ സ്ഥിരീകരിച്ചു. ഒരു മാസം മുമ്പ് യുവതി നൈജീരിയയിലേക്ക് പോയിരുന്നു. ലോക് നായക് ജയ് പ്രകാശ് നാരായൺ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയ്ക്ക് നടത്തിയ പരിശോധനയിൽ മങ്കിപോക്സ് പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
രണ്ട് ദിവസം മുൻപാണ് യുവതിയെ എൽ.എൻ.ജെ.പി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് യുവതിയുടെ പരിശോധനാ റിപ്പോർട്ടുകൾ പുറത്തുവന്നത്. രാജ്യതലസ്ഥാനത്ത് അണുബാധയുണ്ടാകുന്ന രണ്ടാമത്തെ സ്ത്രീയാണ്, രോഗബാധിതയായ യുവതി. ഡോക്ടർമാരുടെ ഒരു സംഘം രോഗിയെ നിരീക്ഷിച്ച് വരുന്നതായി എൽ.എൻ.ജെ.പി ആശുപത്രിയിലെ ഡോക്ടർ സുരേഷ് കുമാർ പറഞ്ഞു.
ഇതോടെ ഇന്ത്യയിൽ ആകെ 10 മങ്കിപോക്സ് കേസുകൾ രേഖപ്പെടുത്തി. ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളിൽ നാല് പേർ ചികിത്സയിലാണ്. ഒരാളെ നേരത്തെ ഡിസ്ചാർജ് ചെയ്തിരുന്നു.
രാജ്യത്ത് മങ്കിപോക്സ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, രോഗം പിടിപെടാതിരിക്കാൻ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ഒരു പട്ടിക കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. രോഗബാധിതനായ വ്യക്തിയുമായി ദീർഘനേരം അല്ലെങ്കിൽ ആവർത്തിച്ച് സമ്പർക്കം പുലർത്തിയാൽ ആർക്കും വൈറസ് പിടിപെടാമെന്ന് ഇതിൽ വ്യക്തമാക്കുന്നു.
രോഗം പടരാതിരിക്കാൻ രോഗബാധിതനായ വ്യക്തിയെ മറ്റുള്ളവരിൽ നിന്ന് മാറ്റി പാർപ്പിക്കണം. ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കണം. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം. മാസ്‌കുകൾ ഉപയോഗിക്കണം. രോഗിയോട് അടുക്കുമ്പോൾ ഡിസ്‌പോസിബിൾ ഗ്ലൗസ് ഉപയോഗിക്കണം. അണുനാശിനികൾ ഉപയോഗിക്കണം എന്നിങ്ങനെ കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
Post Your Comments