മലപ്പുറം: ആസാദ് കശ്മീര്‍ പരാമര്‍ശം വിവാദത്തിന് തിരികൊളുത്തിയതോടെ തന്റെ പ്രസ്താവനയെ ന്യായീകരിച്ച് കെ.ടി ജലീല്‍ വീണ്ടും രംഗത്തെത്തിയിരുന്നു. കശ്മീർ യാത്രയുടെ നീണ്ട പോസ്റ്റിനൊടുവിലായിരുന്നു ജലീൽ ആസാദ് കശ്മീരിനെ വീണ്ടും ന്യായീകരിച്ചത്. എന്നാൽ, ഇതും വിവാദമായി. ഒടുവിൽ പോസ്റ്റ് പിൻവലിച്ചിരിക്കുകയാണ് മുൻമന്ത്രി. യാത്രാക്കുറിപ്പിലെ ചില പരാമർശങ്ങൾ തെറ്റിദ്ധാരണക്ക് ഇടവരുത്തിയെന്നും അതിനാൽ പോസ്റ്റ് നീക്കം ചെയ്യുകയാണെന്നും ജലീൽ വ്യക്തമാക്കി.
‘നമ്മുടെ രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം നാളെക്കഴിഞ്ഞ് മറ്റന്നാൾ ഒറ്റ മനസ്സോടെ ആഘോഷിക്കുകയാണ്. അതിൻ്റെ ആരവങ്ങൾ നാടെങ്ങും ആരംഭിച്ച് കഴിഞ്ഞു. നിയമസഭയുടെ പ്രവാസി ക്ഷേമ സമിതിയുടെ അംഗം എന്ന നിലയിൽ കശ്മീർ സന്ദർശിച്ചപ്പോൾ ഞാനെഴുതിയ യാത്രാക്കുറിപ്പിലെ ചില പരാമർശങ്ങൾ തെറ്റിദ്ധാരണക്ക് ഇട വരുത്തിയത് എൻ്റെ ശ്രദ്ധയിൽ പെട്ടു. ഞാനുദ്ദേശിച്ചതിന് വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്ത പ്രസ്തുത കുറിപ്പിലെ വരികൾ നാടിൻ്റെ നൻമക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പിൻവലിച്ചതായി അറിയിക്കുന്നു. ജയ് ഹിന്ദ്’, കെ.ടി ജലീൽ ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, പാക് അധീന കശ്മീരിനെ ആസാദ് കശ്മീരെന്ന് വിശേഷിപ്പിച്ചതായിരുന്നു വിവാദമായത്. ‘ജമ്മുവും കശ്മീര്‍ താഴ്‌വരയും ലഡാക്കും അടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യന്‍ അധീന കശ്മീര്‍. പാകിസ്ഥാനോട് ചേര്‍ക്കപ്പെട്ട കശ്മീരിന്റെ ഭാഗം ആസാദ് കശ്മീര്‍ എന്നറിയപ്പെട്ടു’, ജലീൽ പറഞ്ഞിരുന്നു. ചിരിക്കാന്‍ മറന്ന് പോയ ജനതയായി കശ്മീരികള്‍ മാറിയെന്നും കശ്മീരിന്റെ മുഖത്തിന് വേണ്ടത്ര തെളിച്ചം വന്നിട്ടില്ലെന്നും ജലീൽ പരിഹസിച്ചിരുന്നു.
Post Your Comments