ന്യൂഡൽഹി: ജാതി സർട്ടിഫിക്കറ്റ് കേസിൽ മുൻ എൻ.സി.ബി ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയ്ക്ക് കാസ്റ്റ് സ്ക്രൂട്ടിനി കമ്മിറ്റിയുടെ ക്ലീൻ ചിറ്റ്. സർക്കാർ ജോലി നേടാൻ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ചു എന്നവകാശപ്പെട്ട് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി നവാബ് മാലിക് രംഗത്തുവന്നതോടെയാണ് വാങ്കഡെ പ്രതിരോധത്തിലായത്. വാങ്കഡെ മുസ്‍ലിം ആണെന്നും എന്നാൽ ജോലി നേടിയത് സംവരണ വിഭാഗത്തിലാണെന്നുമായിരുന്നു മാലിക് ആരോപിച്ചത്.
എന്നാൽ, വാങ്കഡെ ജന്മം കൊണ്ട് മുസ്ലീമല്ലെന്ന് ചൂണ്ടിക്കാട്ടി കാസ്റ്റ് കമ്മിറ്റി അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകുകയായിരുന്നു. വാങ്കഡെയുടെ കൈവശമുള്ള ജാതി സർട്ടിഫിക്കറ്റ് സമിതി ശരിവെച്ചു. വാങ്കഡെ ജന്മം കൊണ്ട് മുസ്ലീം അല്ലെന്ന് ബോധ്യപ്പെട്ടതായും സമിതി അറിയിച്ചു. സമീർ വാങ്കഡെയും പിതാവ് ദ്യാനേശ്വര് വാങ്കഡെയും ഹിന്ദുമതം ഉപേക്ഷിച്ച് മുസ്ലീം മതം സ്വീകരിച്ചിട്ടില്ലെന്നും സമിതി നിരീക്ഷിക്കുന്നു. സമീർ വാങ്കഡെയും പിതാവും ഹിന്ദുമതത്തിൽ അംഗീകരിക്കപ്പെട്ട മഹർ-37 പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരാണെന്നും ഉത്തരവിൽ പറയുന്നു. വാങ്കഡെയും പിതാവും ഇസ്‍ലാം മതം സ്വീകരിച്ചതിന് തെളിവില്ലെന്നും സമിതി ചൂണ്ടിക്കാട്ടി.
സംഭവവികാസത്തിന് തൊട്ടുപിന്നാലെ വാങ്കഡെ’സത്യമേവ ജയതേ’ എന്ന് ട്വിറ്ററിൽ കുറിച്ചു. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകനെ മയക്കുമരുന്ന് കടത്ത് കേസിൽ കുടുക്കി ജയിലിട്ടതോടെയാണ് വാങ്കഡെ വിവാദത്തിലായത്. ഇതിന് പിന്നാലെയാണ് വാങ്കഡെയ്‌ക്കെതിരെ ആരോപണവുമായി എൻ.സി.പി നേതാവ് കൂടിയായ മാലിക് രംഗത്തുവന്നത്.
Post Your Comments