വിഴിഞ്ഞം: സ്കൂട്ടറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. നന്ദാവനം എ.ആർ.ക്യാമ്പിലെ അസി.സബ് ഇൻസ്പെക്ടർ കെ.റെജിയുടെ ഭാര്യ വിഴിഞ്ഞം മുല്ലൂർ കടയ്ക്കുളം കപ്പവിള നന്ദനം നിവാസിൽ രാഖി.വി.ആർ(41) ആണ് മരിച്ചത്.
കഴിഞ്ഞമാസം 19-ന് വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടയിൽ തിരുവല്ലം ടോൾപ്ലാസയ്ക്ക് സമീപത്തായിരുന്നു അപകടം നടന്നത്. ചികിത്സാപിഴവാണ് മരണത്തിന് കാരണമെന്ന് ഭർത്താവും ബന്ധുക്കളും ആരോപിച്ചു.
Read Also : ദിവസവും അമിത വ്യായാമങ്ങൾ ചെയ്യുന്നത് ചില ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും!
അപകടത്തിൽ പറ്റിയ പരിക്ക് ഗുരുതരമല്ലെന്ന് അറിയിച്ച ഡോക്ടർമാർ 22-ന് രാവിലെ ശ്വാസം വിടുന്നതിന് ബുദ്ധിമുട്ടുണ്ടായതിനെ തുടർന്ന്, മൂക്കിൽ ശസ്ത്രക്രിയ ചെയ്തു. ഏറെ നേരം കഴിഞ്ഞും ബോധം തെളിയാത്തിനെ തുടർന്ന്, നടത്തിയ പരിശോധനയിൽ ശസ്ത്രക്രിയ ചെയ്ത ഭാഗത്ത് നിന്ന് മെഡുല്ലയിലേക്ക് പോകുന്ന ഞരമ്പ് മുറിഞ്ഞെന്ന് കണ്ടെത്തി. ഇതോടെ തലയ്ക്കുളളിൽ രക്തസ്രാവമുണ്ടായെന്ന് ഡോക്ടർമാർ അറിയിച്ചു.
പ്രശ്നം രൂക്ഷമെന്ന് കണ്ട ആശുപത്രി അധികൃതർ തന്നെയും മറ്റ് ബന്ധുക്കളെയോ അറിയിക്കാതെ വെന്റിലേറ്റർ സംവിധാനമുളള ആംബുലൻസിൽ കയറ്റി ആനയറിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് ഭർത്താവ് റെജി ആരോപിച്ചു. അവിടെ നിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബോധാവസ്ഥയിലായിരുന്ന രാഖി ഇന്നലെ രാവിലെ ആറോടെയാണ് മരണമടഞ്ഞത്.
സംഭവത്തെ തുടർന്ന്, പടിഞ്ഞാറെ കോട്ടയിലുളള സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് മനുഷ്യാവകാശ കമ്മീഷൻ. ജില്ലാ മെഡിക്കൽ ഓഫീസർ, സംസ്ഥാന പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയെന്ന് റെജി പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിൽ എത്തിച്ച മൃതദേഹം സംസ്കരിച്ചു. മക്കൾ. ആർ.ആർ.ആദിത്യലക്ഷ്മി, ആർ.ആർ. അർജുൻ കൃഷ്ണൻ. സഞ്ചയനം വെളളിയാഴ്ച ഒമ്പതിന്.
Post Your Comments