ഫ്ലോറിഡ: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ അവസാനത്തെ മത്സരം ഇന്ന് നടക്കും. ഇന്ത്യൻ സമയം രാത്രി 8 മണിക്ക് ഫ്ലോറിഡയിലെ ലൗഡര്‍ഹില്‍സിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് മത്സരം. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-1ന് ഇതിനകം നേടിയതിനാല്‍ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ മാറ്റങ്ങള്‍ വരുത്തിയേക്കും.
ശ്രേയസ് അയ്യരും, ഹർദ്ദിക് പാണ്ഡ്യയും ഇന്ന് ആദ്യ ഇലവനിൽ ഇടം നേടിയേക്കും. ഇരുവരും നാലാം ടി20യിൽ കളിച്ചിരുന്നില്ല. അതേസമയം, മികച്ച ഫോമിലുള്ള മലയാളി താരം സഞ്ജു സാംസൺ ഇന്നും തുടരും. ഫ്ലോറിഡയില്‍ തന്നെ നടന്ന നാലാം ടി20യില്‍ 59 റണ്‍സിന്‍റെ ജയവുമായി ഇന്ത്യ പരമ്പര ഒരു മത്സരം ബാക്കിനില്‍ക്കേ 3-1ന് സ്വന്തമാക്കുകയായിരുന്നു. ഇന്ത്യ മുന്നോട്ടുവെച്ച 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് 19.1 ഓവറില്‍ 132 റണ്‍സിന് എല്ലാവരും പുറത്തായി.
24 റണ്‍സ് വീതമെടുത്ത ക്യാപ്റ്റന്‍ നിക്കോളാസ് പുരാനും റൊവ്മാന്‍ പവലുമാണ് വിന്‍ഡീസിന്‍റെ ടോപ് സ്കോറര്‍മാര്‍. ഇന്ത്യക്കായി അര്‍ഷദീപ് സിംഗ് മൂന്നും ആവേശ് ഖാന്‍, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു.
31 പന്തില്‍ 44 റണ്‍സെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ(33), മലയാളി താരം സഞ്ജു സാംസണ്‍ 23 പന്തില്‍ പുറത്താകാതെ 30, സൂര്യകുമാര്‍ യാദവ്(24), അക്സര്‍ പട്ടേല്‍(20) എന്നിവർ ഇന്ത്യക്കായി ബാറ്റിംഗില്‍ തിളങ്ങി. വിന്‍ഡീസിനായി അല്‍സാരി ജോസഫ് രണ്ട് വിക്കറ്റെടുത്തു. സ്കോര്‍: ഇന്ത്യ 20 ഓവറില്‍ 191-5, വെസ്റ്റ് ഇന്‍ഡീസ് 19.1 ഓവറില്‍ 132/10.
Read Also:- വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര ഇന്ത്യയ്ക്ക്
ഇന്ത്യയുടെ സാധ്യത ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദ്ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, ശ്രേയസ് അയ്യർ, രവി ബിഷ്ണോയ്, ആവേഷ് ഖാൻ, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്.
Post Your Comments