നേപിയര്‍: ഇന്ത്യയ്‌ക്കെതിരായ അവസാന ടി20യില്‍ ന്യൂസിലന്‍ഡിന് ഭേദപ്പെട്ട സ്കോര്‍. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കേ 160 റണ്‍സിന് എല്ലാവരും പുറത്തായി. അര്‍ധ സെഞ്ചുറികളോടെ ഡെവോണ്‍ കോണ്‍വേയും ഗ്ലെന്‍ ഫിലിപ്സുമാണ് ന്യൂസിലന്‍ഡിന്‍റെ ടോപ് സ്‌കോറർ. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജും അര്‍ഷ്ദീപ് സിംഗും നാല് വിക്കറ്റുകള്‍ വീതം നേടി.
നേപിയറില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡിന് രണ്ടാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. കെയ്ന്‍ വില്യംസണിന്റെ അഭാവിത്തില്‍ മൂന്നാമനായി ക്രീസിലെത്തിയ ചാപ്മാനും അധികം ആയുസുണ്ടായിരുന്നില്ല. സിറാജിന്റെ പന്തില്‍ അര്‍ഷ്ദീപ് സിംഗിന് ക്യാച്ച് നല്‍കി ചാപ്മാനും മടങ്ങി. പിന്നീട് ഡെവോണ്‍ കോണ്‍വേയും ഗ്ലെന്‍ ഫിലിപ്സും ക്രീസില്‍ നിലയുറപ്പിച്ചതോടെ ന്യൂസിലന്‍ഡ് സ്കോർ ബോർഡ് ചലിച്ചു.
33 പന്തില്‍ 54 റണ്‍സെടുത്ത ഫിലിപ്സിനെ ഭുവിയുടെ കൈകളില്‍ എത്തിച്ച് സിറാജാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. തുടർന്ന് ക്രീസിലെത്തിയ ഡാരി മിച്ചലിനെയും 49 പന്തില്‍ 59 റണ്‍സെടുത്ത കോണ്‍വേയും അര്‍ഷ്ദീപ് പുറത്താക്കി. ജിമ്മി നീഷാമിനെ സ്കോര്‍ ബോര്‍ഡ് തുറക്കും മുമ്പേ തിരികെ അയച്ച് സിറാജും കളം നിറഞ്ഞതോടെ ന്യൂസിലന്‍ഡ് പരുങ്ങലിലായി.
പിന്നാലെ സാന്‍റ്നറും അവസാന ഓവറില്‍ ടിം സൗത്തിയുടെ വിക്കറ്റുകള്‍ തെറിപ്പിച്ച് ഹര്‍ഷല്‍ പട്ടേല്‍ ന്യൂസിലന്‍ഡിന്‍റെ സ്കോര്‍ 160ല്‍ ഒതുക്കി. മഴയെ തുടര്‍ന്ന് അര മണിക്കൂറിന് ശേഷമാണ് മത്സരം ആരംഭിച്ചത്. പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ആദ്യ മത്സരം മഴ മുടക്കിയിരുന്നു.
Post Your Comments