ഡൽഹി: ഡോളോ 650 മരുന്ന് കമ്പനിക്കെതിരെ നടപടിയുമായി ആദായ നികുതി വകുപ്പ്. പാരസെറ്റമോള്‍ ഗുളികയായ ഡോളോ 650 വന്‍തോതില്‍ കുറിച്ച് നല്‍കാനായി മരുന്ന് കമ്പനി ഡോക്ടര്‍മാര്‍ക്ക് ആയിരം കോടി രൂപ നല്‍കിയതായി ആദായ നികുതി വകുപ്പ് കണ്ടെത്തി. ഡോളോ 650 ഉത്പാദിപ്പിക്കുന്ന മൈക്രോലാബ്‌സ് കമ്പനിയില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് ഇതു സംബന്ധിച്ച രേഖകള്‍ പിടിച്ചെടുത്തത്.
ആദായ നികുതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങള്‍ പരിശോധിക്കാനാണ് ഐ.ടി സ്‌ക്വാഡ് കമ്പനിയിൽ പരിശോധന നടത്തിയത്. റെയ്ഡിനിടെ ലഭിച്ച രേഖകളില്‍ നിന്നും വൻതോതിൽ മരുന്ന് നിര്‍ദ്ദേശിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് പണം നല്‍കിയത് വ്യക്തമാക്കുന്ന തെളിവുകള്‍ കണ്ടെത്തുകയായിരുന്നു.
ഇത്തരത്തിൽ ആയിരം കോടിയോളം രൂപ ഡോക്ടര്‍മാര്‍ക്ക് നല്‍കിയതായും വിദേശയാത്ര അടക്കമുള്ള പാക്കേജുകൾ അനുവദിച്ചിരുന്നതായും കണ്ടെത്തി. തുടര്‍ നടപടിയെന്ന നിലയില്‍ ആരോപണ വിധേയരായ ഡോക്ടര്‍മാരുടെ പേരുകള്‍ ഉള്‍പ്പെടുന്ന രേഖകൾ ആദായ നികുതി വകുപ്പ് ദേശീയ മെഡിക്കല്‍ കമ്മീഷന് കൈമാറും. ഇതിന് ശേഷം നടപടിക്കായി ആരോഗ്യ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കും.
Post Your Comments