Latest NewsKerala

റിഫയുടെ മരണം: ഭർത്താവ് മെഹ്നാസിനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു

കോഴിക്കോട്: വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹ്‌നാസ് അറസ്റ്റില്‍. പോക്‌സോ കേസിലാണ് അറസ്റ്റ്. വിവാഹസമയത്ത് റിഫയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കാസര്‍ഗോഡു നിന്ന് മെഹ്നാസിനെ കസ്റ്റഡിയില്‍ എടുത്തത്. മെഹ്നാസിനെ കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കും.

റിഫയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മെഹ്നാസ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി വരാനിരിക്കെയാണ് അറസ്റ്റ്. വ്‌ളോഗര്‍, ആല്‍ബം താരം എന്നീ നിലകളില്‍ പ്രശസ്തയായിരുന്നു റിഫ. കോഴിക്കോട് ബാലുശേരി സ്വദേശിനിയായ റിഫയെ ഫെബ്രുവരി അവസാനമാണ് ദുബായ് ജാഫിലിയയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മെഹ്നാസിനൊപ്പമായിരുന്നു റിഫ താമസിച്ചിരുന്നത്. മരണത്തിന് രണ്ട് മാസം മുന്‍പ് ഭര്‍ത്താവിനും മകനുമൊപ്പം റിഫ സന്ദര്‍ശകവിസയില്‍ ദുബായില്‍ എത്തിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് തിരിച്ചുപോയി.

പിന്നീട് ഭര്‍ത്താവ് മാത്രം യുഎഇയിലെത്തി. പിന്നാലെ മകനെ നാട്ടിലാക്കിയ ശേഷം മരിക്കുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പാണ് റിഫയും ദുബായില്‍ എത്തിയത്.  മരണത്തിന് തൊട്ടുതലേന്നുവരെ സാമൂഹികമാധ്യമങ്ങളില്‍ സജീവമായിരുന്ന റിഫയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മെഹ്നാസ് റിഫയെ നിരന്തരം മര്‍ദിച്ചിരുന്നു എന്നതിന്റെ തെളിവുകളും പിന്നീട് പുറത്തെത്തി. റിഫയ്ക്കും മെഹ്നാസിനും ഒപ്പം മുറി ഷെയര്‍ ചെയ്തിരുന്ന ജംഷാദ് റെക്കോര്‍ഡ് ചെയ്ത റിഫയും ജംഷാദും തമ്മിലുളള സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. റിഫ മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ മുമ്പ് ജംഷാദാണ് ഈ സംഭാഷണം വീഡിയോയായി റെക്കോഡ് ചെയ്തത്.

രഹസ്യമായി റെക്കോര്‍ഡ് ചെയ്ത വീഡിയോ പോലീസ് പിടിച്ചെടുത്ത ജംഷാദിന്റെ ഫോണില്‍ നിന്നാണ് വീണ്ടെടുത്തത്. 25 മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ തന്നെ നിരന്തരം മര്‍ദിക്കുന്നതില്‍ റിഫയ്ക്കുള്ള പരാതികളാണ് പറയുന്നത്. ‘ശരിക്കും ഒരാണ് വേറെ ഒരാണിനെ തല്ലുന്നത് പോലുള്ള തല്ലല്ലേടാ എന്നെ തല്ലുന്നത്, എനിക്കെന്തെങ്കിലും ആയിപ്പോയാ മെഹ്നു എന്താക്കും എന്നെ സഹിക്കണ്ടേ, എന്റെ തലയ്ക്ക് ഒക്കെ അടിയേറ്റിട്ട് ഞാന്‍ എന്തെങ്കിലും ആയിപ്പോയാ മെഹ്നു എന്താക്കും’ എന്നെല്ലാം റിഫ വീഡിയോയില്‍ പറയുന്നുണ്ട്.

സംസ്‌കരിച്ച് രണ്ടുമാസത്തിനു ശേഷം റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തിയിരുന്നു. തൂങ്ങിമരണം എന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. തുടര്‍ന്ന്, റിഫയുടേത് ആത്മഹത്യയാണെങ്കില്‍ അതിലേക്ക് നയിച്ച കാരണം കണ്ടെത്തണമെന്ന് മാതാവ് ഷെറീന ആവശ്യപ്പെട്ടിരുന്നു. മകളെ ആരാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്ന് കണ്ടെത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button