ബംഗളൂരു: 2023ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് കർണാടകയിലെ പാർട്ടി നേതാക്കളോട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദ്ദേശം. പാർട്ടി നേതൃത്വങ്ങളെ കുറിച്ചും ആഭ്യന്തര കാര്യങ്ങളെ കുറിച്ചും പരസ്യമായി അഭിപ്രായങ്ങൾ പറയരുതെന്ന് അദ്ദേഹം നേതാക്കളോട് നിർദ്ദേശിച്ചു. കർണാടക ഘടകത്തിന്റെ രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
സംഘടനാ കാര്യങ്ങളും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളും സംബന്ധിച്ച ചർച്ചകളും യോഗത്തിൽ നടന്നു. സംസ്ഥാനത്ത് പാർട്ടി അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യയും സംസ്ഥാന പ്രസിഡന്റ് ഡി കെ ശിവകുമാറും തമ്മിലുള്ള രാഷ്ട്രീയ കളിക്കിടയിലാണ് രാഹുൽ ഗാന്ധിയുടെ ഐക്യത്തിനുള്ള ആഹ്വാനമെന്നതും ശ്രദ്ധേയമാണ്. കർണാടകയിൽ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് നേതാക്കൾ പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
‘കേന്ദ്രത്തിലേയും സംസ്ഥാനത്തേയും ബി.ജെ.പി നേതൃത്വത്തിനെതിരെ പാർട്ടി ഒറ്റക്കെട്ടായി ശക്തമായി മുന്നോട്ട് പോകും. ബി.ജെ.പിയെ പരാജയപ്പെടുത്തി അധികാരം പിടിക്കണം. കർണാടകയിലെ മുഴുവൻ പാർട്ടി നേതാക്കളും ഇതിന് വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കണം. നേതാക്കൾ ഒരു കാരണവശാലും വ്യത്യസ്ത അഭിപ്രായങ്ങൾ പങ്കുവയ്‌ക്കരുത്. മാധ്യമങ്ങൾ എല്ലായിടത്തുമുണ്ട്. അറിയാതെ പോലും ഒന്നും സംസാരിക്കരുത്. മാധ്യമങ്ങളുടെ കെണിയിൽ വീഴരുത്’, രാഹുൽ ഗാന്ധി പറഞ്ഞു.
Post Your Comments