ന്യൂഡൽഹി: ഡൽഹിയിൽ ഒരു മങ്കിപോക്‌സ് കേസ് കൂടി റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ താമസിക്കുന്ന നൈജീരിയൻ സ്വദേശിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഡൽഹിയിൽ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി ഉയർന്നു. രാജ്യത്ത് 9 പേർക്കാണ് ഇതുവരെ മങ്കിപോക്‌സ് സ്ഥിരീകരിച്ചത്.
കോവിഡ് പ്രതിരോധത്തിന് സ്വീകരിച്ചതിന് സമാനമായ മാർഗങ്ങളിലൂടെ മങ്കി പോക്‌സ് പ്രതിരോധവും നടത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. മങ്കിപോക്സ് വാക്സിൻ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം ആരംഭിച്ചതായി സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അധർ പൂനെവാല വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ മന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. മങ്കിപോക്‌സ് പ്രതിരോധത്തിൽ ജാഗ്രത പാലിക്കണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശം.
രോഗം പകരാതിരിക്കാൻ മങ്കിപോക്‌സ് സ്ഥിരീകരിച്ചവരെ പ്രത്യേക മുറികളിൽ നിരീക്ഷണത്തിലാക്കണം. സോപ്പും, സാനിറ്റൈസറും കൃത്യമായ ഇടവേളകളിൽ ഉപയോഗിക്കണം. രോഗബാധിതരുമായി സമ്പർക്കത്തിൽ വരുമ്പോൾ കൈയ്യുറയും മാസ്‌കും ധരിക്കണം. രോഗം സ്ഥിരീകരിച്ചവർ പൊതുപരിപാടികളിൽ നിന്ന് വിട്ടു നിൽക്കണം. മങ്കിപോക്‌സുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിച്ച് ജനങ്ങൾക്കിടയിൽ ഭീതി പരത്തരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു.
Read Also: 5ജി മുന്നേറ്റത്തിന് ഒരുങ്ങി റിലയൻസ് ജിയോ, ആദ്യ ഘട്ട സേവനങ്ങളുടെ പട്ടികയിൽ 9 നഗരങ്ങൾ
Post Your Comments